മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിനായി ഓഡീഷന്‍ നടത്തിയപ്പോള്‍ മാര്‍ക്കിടാനായി താനുമുണ്ടായിരുന്നുവെന്ന് സിബി മലയില്‍ പറയുന്നു.
പടയോട്ടം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അച്ഛനായി ആദ്യം തീരുമാനിച്ചിരുന്നത് എം.ജി സോമനെ ആയിരുന്നുവെന്നും അദ്ദേഹം പിന്മാറിയപ്പോള്‍ മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത് താന്‍ ആയിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ ഞാനും ഭാഗമായി. സിനിമയിലെ വില്ലനെത്തേടി ഓഡീഷന്‍ നടക്കുകയാണ്. ജിജോയും ഫാസിലും ഞാനും ഉള്‍പ്പെടെ അഞ്ചുപേര്‍ മാര്‍ക്കിടാനിരിക്കുന്നു. ഓഡീഷനില്‍ പങ്കെടുത്ത തിരുവനന്തപുരംകാരനായ മോഹന്‍ലാല്‍ എന്ന ചെറുപ്പക്കാരന് ഞാന്‍ പത്തില്‍ രണ്ടുമാര്‍ക്കേ കൊടുത്തുള്ളൂ.
പക്ഷേ, ഫാസിലും ജിജോയും മനസില്‍ക്കണ്ട വില്ലന് അയാളുടെ ഛായയായിരുന്നു. അയാള്‍ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ മോഹന്‍ലാല്‍ എന്ന നടന്‍ രംഗത്തെത്തി. ആ സിനിമയുടെ ടൈറ്റിലിലാണ് ആദ്യമായി എന്റെ പേര് സിബി മലയില്‍ എന്ന് തെളിഞ്ഞത്.
അതിനുശേഷം മലയാളത്തിലെ ആദ്യ 70 എം.എം ചലച്ചിത്രം പടയോട്ടം നവോദയയില്‍ ഒരുങ്ങി. ആ സിനിമയുടെയും ഭാഗമാകാനായി. ചില തിരക്കുകള്‍ കാരണം പടയോട്ടത്തില്‍നിന്ന് പിന്മാറിയ എം.ജി. സോമന് പകരക്കാരനായി വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയില്‍ക്കണ്ട ഒരു നടനെ നിര്‍ദേശിച്ചത് ഞാനാണ്.
മദ്രാസ് മെയിലിന്റെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്മെന്റില്‍ നിന്ന് ജുബ്ബയൊക്കെയിട്ട് സഞ്ചിയും തൂക്കി പി.ഐ. മുഹമ്മദ് കുട്ടി എന്ന ആ പുതുമുഖ നടന്‍ ഒലവക്കോട് സ്റ്റേഷനിലിറങ്ങി. സിനിമയില്‍ മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ച ആ നടന്‍ പിന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി വളര്‍ന്നു,’ സിബി മലയില്‍ പറയുന്നു.
Content highlight: Sibi Malayil Talks About Mammootty And Mohanlal