എ.കെ. ലോഹിതദാസിന്റെ തിരക്കഥയില്‍ നിരവധി സിനിമകള്‍ ചെയ്ത സംവിധായകനാണ് സിബി മലയില്‍. ഇപ്പോള്‍ ലോഹിയുടെ കൂടെ ചെയ്ത സിനിമകളില്‍ ഏതെങ്കിലും ഒന്ന് പറയാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ പറയുന്നത് ഏത് സിനിമയാകുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിബി മലയില്‍.
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ‘താന്‍ എന്ന സംവിധായകന്റെ ദിശ തീരുമാനിച്ച സിനിമയായിരുന്നു തനിയാവര്‍ത്തനം‘ എന്നാണ് സിബി പറഞ്ഞത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോഹിയുടെ കൂടെ 15ല്‍ അധികം സിനിമകള്‍ ചെയ്തു. ലോഹിയുടെ കൂടെയുള്ള ഏതെങ്കിലും ഒരു സിനിമ പറയാന്‍ പറഞ്ഞാല്‍, അത് തനിയാവര്‍ത്തനം ആണ്. സിബി മലയില്‍ എന്ന സംവിധായകന്റെ ദിശ തീരുമാനിച്ച സിനിമയായിരുന്നു തനിയാവര്‍ത്തനം.
ഞാന്‍ ഏത് തരം സിനിമ ചെയ്യേണ്ട ആളാണെന്ന് ഞാന്‍ തിരിച്ചറിയുന്നത് ആ സിനിമയിലൂടെയാണ്. എന്റെ ഏരിയ ഏതാണെന്ന് ഞാന്‍ മനസിലാക്കിയത് ആ സമയത്താണ്. ആ സിനിമ ചെയ്ത ശേഷമാണ് എനിക്ക് അതില്‍ വ്യക്തത വരുന്നത്.
അത്തരം സിനിമകള്‍ എനിക്ക് നന്നായി ഹാന്‍ഡില്‍ ചെയ്യാന്‍ ആകുമെന്ന കോണ്‍ഫിഡന്‍സ് എന്നിലുണ്ടായി. എന്റെ അടുത്തേക്ക് പലരും ഒരു ചോദ്യവുമായി വരാറുണ്ട്. ‘എങ്ങനെയാണ് മനുഷ്യ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഇമോഷനെ പുറത്ത് കൊണ്ടുവരുന്നത്’ എന്നതാണ് ആ ചോദ്യം.
അപ്പോഴും ഞാന്‍ പറയുന്ന മറുപടി ‘എനിക്ക് അറിയില്ല’ എന്നാണ്. അത് എങ്ങനെയോ സംഭവിച്ചു പോകുന്നതാണ്. ആ സിനിമകളും ഇമോഷനുകളും ഏറ്റവും നന്നായി ആളുകളുടെ ഉള്ളില്‍ കയറുന്നു എന്നതാണ് സത്യം. പക്ഷെ അത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അറിയില്ല,’ സിബി മലയില്‍ പറയുന്നു.
തനിയാവര്‍ത്തനം:
എ.കെ. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് ചിത്രമായിരുന്നു തനിയാവര്‍ത്തനം. 1987ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സ്‌കൂള്‍ അധ്യാപകനായ ബാലഗോപാലനായി എത്തിയത് മമ്മൂട്ടി ആയിരുന്നു. അദ്ദേഹത്തിന് പുറമെ തിലകന്‍, കവിയൂര്‍ പൊന്നമ്മ, സരിത, മുകേഷ് ഉള്‍പ്പെടെയുള്ള മികച്ച താരനിരയായിരുന്നു ചിത്രത്തില്‍ ഒന്നിച്ചത്.
Content Highlight: Sibi Malayil Talks About Lohithadas And Thaniyavarthanam Movie