| Sunday, 22nd June 2025, 8:43 am

അദ്ദേഹത്തെ എനിക്കൊരിക്കലും മറക്കാനാവില്ല; ഞങ്ങളെ തമ്മില്‍ പിണക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെയാണ് സിബി മലയില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ദശരഥം, കിരീടം, ആകാശദൂത് തുടങ്ങി മികച്ച ചിത്രങ്ങള്‍ സിബി മലയില്‍ ഒരുക്കിയിട്ടുണ്ട്.

ഇപ്പോള്‍ ആരുടെയെങ്കിലും അസാന്നിധ്യം വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സി.ബി മലയില്‍.

ഒരുപാട് പേരുണ്ടെന്നും തീര്‍ച്ചയായും ലോഹിതദാസിനെ എനിക്ക് മറക്കാനാവില്ലെന്നും സിബി മലയില്‍ പറയുന്നു. പലരും കരുതുന്നത് പോലെ താനും ലോഹിതദാസും തമ്മില്‍ പിണക്കത്തിലായിരുന്നില്ലെന്നും തങ്ങളെ തമ്മില്‍ പിണക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്നത് സത്യമാണെന്നും അദ്ദേഹം പറയുന്നു. അവസാന കാലത്ത് തങ്ങള്‍ അതെല്ലാം പരസ്പരം പറഞ്ഞു ചിരിച്ചു തള്ളിയിരുന്നുവെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനെ നായകനാക്കി പുതിയൊരു സിനിമ പ്ലാന്‍ ചെയ്യുകയായിരുന്നു തങ്ങളെന്നും 2009 ജൂണ്‍ എട്ടിന് താന്‍ ലോഹിതദാസിന്റെ ലക്കിടിയിലെ വീട്ടില്‍ പോയി ഏറെനേരം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു കൂടികാഴ്ച്ച കൂടി വേണമെന്നും അന്ന് സിനിമയ്ക്കുളള കഥ തീരുമാനിക്കാമെന്നും പറഞ്ഞാണ് തങ്ങള്‍ പിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ 28ന് തിരുവനന്തപുരത്ത് മാക്ടയുടെ മീറ്റിങ് കഴിഞ്ഞ് താന്‍ ചേര്‍ത്തലയില്‍ എത്തുമ്പോഴാണ് ലോഹിതദാസിന്റെ മരണവാര്‍ത്ത അറിയുന്നതെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘ഒരുപാടു പേരുണ്ട്. എങ്കിലും നിങ്ങളുടെ ചോദ്യം ലോഹിതദാസിനെപ്പറ്റിയാണെന്നറിയാം. തീര്‍ച്ചയായും, ലോഹിയെ എനിക്കു മറക്കാനാവില്ല. പലരും കരുതുന്നതു പോലെ ഞാനും ലോഹിയും തമ്മില്‍ പിണക്കത്തിലായിരുന്നില്ല. ഞങ്ങളെ തമ്മില്‍ പിണക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്നതു സത്യമാണ്. അവസാന കാലത്ത് ഞങ്ങള്‍ അതെല്ലാം പരസ്പരം പറഞ്ഞു ചിരിച്ചു തള്ളിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പുതിയൊരു സിനിമ പ്ലാന്‍ ചെയ്യുകയായിരുന്നു ഞങ്ങള്‍.

2009 ജൂണ്‍ എട്ടിന് ഞാന്‍ ലോഹിയുടെ ലക്കിടിയിലെ വീട്ടില്‍ പോയി ഏറെനേരം സംസാരിച്ചിരുന്നു. പറയാനുള്ളതെല്ലാം ഞങ്ങള്‍ പറഞ്ഞു തീര്‍ത്തു. മുപ്പതിന് വീണ്ടും ഇരിക്കാമെന്നും അന്നു സിനിമയ്ക്കുളള കഥ തീരുമാനിക്കാമെന്നും പറഞ്ഞാണ് പിരിഞ്ഞത്. പക്ഷേ 28ന് തിരുവനന്തപുരത്ത് മാക്ടയുടെ മീറ്റിങ് കഴിഞ്ഞ് ഞാന്‍ ചേര്‍ത്തലയില്‍ എത്തുമ്പോള്‍ ആ വാര്‍ത്തയെത്തി. ലോഹി പോയിരിക്കുന്നു. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ പറഞ്ഞൊരു വാചകമാണ് എനിക്ക് ഓര്‍മ വരുന്നത്. ‘രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന് സിനിമ ഒരു കാരണമാകാം, എന്നാല്‍ അത് നിലനിര്‍ത്താന്‍ സിനിമ വേണമെന്നില്ല’,’ സിബി മലയില്‍ പറയുന്നു.

Content highlight: Sibi Malayil talks about Lohithadas.

We use cookies to give you the best possible experience. Learn more