മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. ദശരഥം, കിരീടം, ആകാശദൂത് തുടങ്ങി മികച്ച ചിത്രങ്ങള്‍ സിബി മലയില്‍ ഒരുക്കിയിട്ടുണ്ട്.
1985ല്‍ പുറത്തിറങ്ങിയ മുത്താരംകുന്ന് പി.ഒ. ആണ് സിബി മലയില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.ഇപ്പോഴും താന്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ കാരണം മുത്താരം കുന്ന് എന്ന സിനിമയാണെന്ന് സിബി മലയില്‍ പറയുന്നു. സിനിമയുടെ നിര്‍മാതാവ് പൂര്‍ണവിശ്വാസത്തോടെയാണ് തന്നെ ഒരു സിനിമ ചെയ്യാന്‍ ഏല്‍പ്പിച്ചതെന്നും അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസം തന്നെയാണ് സിനിമ ചെയ്യാനുള്ള ഊര്‍ജം തന്നില്‍ ഉണ്ടാക്കിയതെന്നും സിബി മലയില്‍ പറഞ്ഞു.
ആ വിശ്വാസത്തെ നിലനിര്‍ത്തുക എന്നത് തന്റെ ഉത്തരവാദിത്വമായിട്ട് പിന്നീട് മാറുകയായിരുന്നുവെന്നും അങ്ങനെ താന്‍ ചെയ്ത സിനിമയാണ് മുത്താരം കുന്ന് പി.ഒ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സിനിമ അത്ര വിജയമായിരുന്നില്ലെന്നും എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ തനിക്ക് ഒരു നിലനില്‍പ്പിന് കാരണമായ ചിത്രം മുത്താരം കുന്നാണെന്നും സിബി മലയില്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുത്താരം കുന്നിന്റെ പ്രൊഡ്യൂസര്‍ എന്റെയടുത്ത് പറഞ്ഞത് ‘നിങ്ങളെ വെച്ചാണ് ഞാന് സിനിമ ചെയ്യാന്‍ വന്നത്. ഞാന്‍ ഒരു താരത്തിന്റെ ഡേറ്റുമായി നിങ്ങളുടെ അടുത്ത് വന്നിട്ടില്ലല്ലോ. നിങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട് നിങ്ങള്‍ ഒരു നല്ല കഥ കണ്ടെത്തിയിട്ട് പുതുമുഖങ്ങളെ വെച്ച് ചെയ്‌തോളു ഞാന്‍ കൂടെയുണ്ടാകും’ എന്ന്. അതാണ് എനിക്ക് തന്ന ഊര്‍ജം. അപ്പോള്‍ എനിക്ക് നല്ല ധൈര്യമായി എന്നെ വിശ്വസിക്കുന്ന ഒരാളുണ്ടല്ലോ എന്ന് വിചാരിച്ചു. നമ്മളെ ഒരാള്‍ വിശ്വസിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ നമ്മുടെ നൂറ് ശതമാനം ഔട്ട് പുട്ട് അവര്‍ക്ക് കൊടുക്കാന്‍ തയ്യാറാകും.
ആ വിശ്വാസത്തെ നിലനിര്‍ത്തുക എന്നത് ഒരു ഉത്തരവാദിത്തം കൂടെ ആയി മാറുകയാണ്. അങ്ങനെയാണ് ഈ കഥയിലേക്ക് എത്തിയത്. അദ്ദേഹം കഥയില്‍ ഒരു തരത്തിലുമുള്ള ഇടപെടലും നടത്തിയിരുന്നില്ല. നമ്മളെ പൂര്‍ണമായി വിശ്വസിച്ച് ഏല്‍പ്പിക്കുകയായിരുന്നു. ആ വിശ്വാസാം കാത്ത് സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്താണ് ഞാന്‍ ആ സിനിമ ചെയ്തത്. അതൊരു വലിയ സക്‌സസ് ആയില്ല. പക്ഷേ സിനിമ പ്രവര്‍ത്തകരുടെ ഇടയില്‍ ശ്രദ്ധ നേടി. ഇയാള്‍ ഭാവിയില്‍ ഇവിടെ നില്‍ക്കാനും സിനിമകള്‍ ചെയ്യാനും പ്രാപ്തിയുള്ള ഒരാളാണ് എന്നുള്ള സംസാരങ്ങള്‍ ഉണ്ടാവുകയുമുണ്ടായി. ഞാന്‍ ഇവിടെ നിലനില്‍ക്കാനുള്ള കാരണമായി തീര്‍ന്നത് മുത്താരം കുന്ന് എന്ന സിനിമയാണ്,’സിബി മലയില്‍ പറയുന്നു.
Content Highlight: Sibi malayil talks about his first film Mutharam kunnu p.O