പ്രണയവര്‍ണങ്ങള്‍ എന്ന സിനിമ, വിട്ടുപോവാന്‍ കഴിയാത്ത ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടാക്കി: സിബി മലയില്‍
Malayalam Cinema
പ്രണയവര്‍ണങ്ങള്‍ എന്ന സിനിമ, വിട്ടുപോവാന്‍ കഴിയാത്ത ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടാക്കി: സിബി മലയില്‍
ഐറിന്‍ മരിയ ആന്റണി
Sunday, 8th March 2026, 11:12 am

മലായാള സിനിമയ്ക്ക് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് നിരവധി ഹിറ്റുകളൊരുക്കി. ആകാശദൂത്, ഭരതം, കിരീടം, തനിയാവര്‍ത്തനം, ദശരഥം തുടങ്ങി ക്ലാസിക് ചിത്രങ്ങള്‍ അദ്ദേഹം മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

സംഗീത സംവിധായകന്‍ വിദ്യാസാഗറുമായി നിരവധി സിനിമകളില്‍ സിബി മലയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേവദൂതന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം അങ്ങനെ എല്ലാ ഹിറ്റ് ചിത്രങ്ങള്‍ക്കും പുറകില്‍ വിദ്യാസാഗറിന്റെ സംഗീതവുമാണ്ടായിരുന്നു.

ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ വിദ്യാസാഗറുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. പ്രണയവര്‍ണങ്ങള്‍ എന്ന സിനിമ തങ്ങളുടെ സൗഹൃദത്തിന്റെ ആഴം കൂട്ടിയെന്ന് അദ്ദേഹം പറയുന്നു.

‘വിട്ടുപോവാന്‍ കഴിയാത്ത ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായി. കാലങ്ങളോളം നീളുന്ന സൗഹൃദം. രണ്ടുപേര്‍ തമ്മിലുള്ള സൗഹൃദത്തിനപ്പുറം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഹൃദ്യമായ കൂടിച്ചേരലിനും വഴിയൊരുക്കി. എറണാകുളത്തുവരുമ്പോള്‍ വിദ്യാ സാഗര്‍ പലതവണ എന്റെ വീട്ടിലേക്ക് വന്നിട്ടുണ്ട്. ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോവാറുണ്ട്.

വിദേശത്തായതിനാല്‍ എന്റെ മകന്റെ വിവാഹച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പ്രണയ വര്‍ണങ്ങള്‍ക്കുശേഷം വിദ്യാസാഗറുമൊത്ത് ചെയ്ത സിനിമയാണ് ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’,
മുന്നാമതായി ‘ഉസ്താദ്’ എന്ന ചിത്രത്തിലൂടെ മനോഹരമായ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ക്കുകഴിഞ്ഞു. ആ സിനിമയിലെ വെണ്ണിലാക്കൊമ്പിലെ രാപ്പാടി എന്ന ഗാനം ഏറെ ശ്രദ്ധേയമായി,’ സിബി മലയില്‍ പറയുന്നു.

ജ്യേഷ്ഠനും അനുജത്തിയും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും വിദ്യാസാഗറിന്റെറെ ഈണവും പ്രേക്ഷകര്‍ക്ക് അനുഭവിപ്പിച്ചുകൊടുക്കാന്‍ പാകത്തിലുള്ളതായിരുന്നുവെന്നും
മോഹന്‍ ലാലിന്റെയും ദിവ്യാ ഉണ്ണിയുടെയും അഭിനയംകൂടിയായപ്പോള്‍ ആ ഗാനം മനോഹരമായെന്നും സിബി മലയില്‍ പറഞ്ഞു. ആ ഗാനം പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളുടെ പട്ടികയില്‍ എന്നുമുണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sibi Malayil talks about his bond with Vidyasagar

 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.