| Monday, 17th February 2025, 11:29 am

മോഹൻലാൽ എല്ലാ വേഷങ്ങളും ചെയ്യുമ്പോൾ ആ നടൻ ഒരേ ടൈപ്പ് കഥാപാത്രങ്ങൾ മാത്രം അഭിനയിച്ച് കരിയറിൽ ഡൗണായി: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ മലയാളത്തിന് ലഭിച്ച നടനാണ് മോഹൻലാൽ. ആദ്യ സിനിമയിലൂടെ വില്ലനായി കടന്ന് വന്ന അദ്ദേഹം ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നായകനായി എത്തിയത് ശങ്കർ ആയിരുന്നു.

മലയാള സിനിമയിൽ മികച്ച തുടക്കം ലഭിച്ച നടനായിരുന്നു ശങ്കർ. മോഹൻലാൽ സഹ നടനായി എത്തിയ ചില സിനിമകളിൽ നായകനായി തിളങ്ങിയത് ശങ്കർ ആയിരുന്നു. എന്നാൽ എൺപതുകളുടെ അവസാനത്തോടെ ശങ്കർ പ്രധാന വേഷത്തിലെത്തുന്ന സിനിമകൾ കുറഞ്ഞുവന്നു.

ശങ്കർ ആ സമയത്ത് ഒരേ ടൈപ്പ് കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നതെന്ന് പറയുകയാണ് സംവിധായകൻ സിബി മലയിൽ. അന്ന് ശങ്കറിന്റെ എല്ലാ കഥാപാത്രങ്ങളും റൊമാന്റിക് വേഷങ്ങളായിരുന്നുവെന്നും എന്നാൽ ഒപ്പം വന്ന മോഹൻലാൽ അന്ന് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യുമായിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു. മോഹൻലാലിന്റെ ആ ട്രാൻസിഷൻ സമയത്താണ് ശങ്കർ പിന്നിലോട്ടായതെന്നും സിബി മലയിൽ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശങ്കറിനെ സംബന്ധിച്ചിടത്തോളം പുള്ളി ഒരേ ടൈപ്പ് വേഷങ്ങളായിരുന്നു എല്ലാ സിനിമയിലും ചെയ്തത്. റൊമാന്റിക് കഥാപാത്രങ്ങളായിരുന്നു എല്ലാ സിനിമയിലും ശങ്കർ ചെയ്തിരുന്നത്. അതേസമയം ഒന്നിച്ച് വന്നവരിൽ മോഹൻലാൽ വില്ലൻ വേഷങ്ങളിൽ നിന്ന് പതുക്കെ ഹീറോ കഥാപാത്രങ്ങൾ ചെയ്യുന്നു, എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യുന്നു.

ആ ട്രാൻസിഷന്റെ സമയത്ത് എവിടെയോ വെച്ചിട്ടാണ് ശങ്കർ പിന്നിലോട്ടായത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ കരിയർ തുടങ്ങിയ ഇരുവരുടെയും പോപ്പുലാരിറ്റിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ്‌ സംഭവിക്കുകയായിരുന്നു,’സിബി മലയിൽ പറയുന്നു.

2019 ൽ ഇറങ്ങിയ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ് ഇനി റിലീസാവാനുള്ള മോഹൻലാൽ ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് മറ്റൊരു സിനിമ. ഈ വർഷം ആദ്യം റിലീസ് തീരുമാനിച്ച തുടരും ചില കാരണങ്ങളാൽ റിലീസ് മാറ്റി വെക്കുകയായിരുന്നു. എന്നാൽ മെയ് മാസത്തിൽ തുടരും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

Content Highlight: Sibi Malayil About Shankar And Mohanlal

We use cookies to give you the best possible experience. Learn more