| Wednesday, 15th January 2025, 3:28 pm

കസബയിലേത് പോലുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം: ശ്യാമപ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ശ്യാമപ്രസാദ്. കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച ശ്യാമപ്രസാദ് അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍, ഋതു തുടങ്ങിയ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ശ്യാമപ്രസാദ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഏറെ വിവാദമായിട്ടുള്ള സിനിമകളിലൊന്നായിരുന്നു കസബ. മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു സീന്‍ വലിയ വിവാദമായി മാറിയിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന പൊലീസ് കഥാപാത്രം തന്റെ സീനിയര്‍ ഓഫീസറുടെ ബെല്‍റ്റില്‍ പിടിക്കുന്ന സീന്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വിധേയമായി മാറി.

വിവാദമായ സീനിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്യാമപ്രസാദ്. അത്തരമൊരു കഥാപാത്രം ഈ സമൂഹത്തില്‍ ആവശ്യമില്ലെന്ന് ശ്യാമപ്രസാദ് പറഞ്ഞു. എഴുത്തുകാരന്റെ ലിബര്‍ട്ടിയാണ് ഒരു സിനിമയും കഥാപാത്രവുമെന്ന വാദം താന്‍ അംഗീകരിക്കുന്നെന്നും എന്നാല്‍ നമ്മുടെ സമൂഹത്തില്‍ അത്തരം ആളുകള്‍ ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യമെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.

അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുന്നതുമുതല്‍ തന്റെ പ്രശ്‌നം ആരംഭിക്കുന്നുണ്ടെന്നും അത് ജീവിതത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്നും ശ്യാമപ്രസാദ് പറഞ്ഞു. സമൂഹത്തെ തന്നെ ആ കഥാപാത്രം തെറ്റായി കാണിക്കുകയാണെന്നും ടോക്‌സിക് മസ്‌കുലാനിറ്റിയെ ഗ്ലോറിഫൈ ചെയ്യുകയാണ് ആ സിനിമയുടെ ലക്ഷ്യമെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ശ്യാമപ്രസാദ്.

‘വിവാദമായി മാറിയ ഒരു സിനിമയുണ്ടല്ലോ, ഒരു പൊലീസ് ഓഫീസര്‍ ലേഡിയായിട്ടുള്ള സീനിയറുടെ ബെല്‍റ്റില്‍ കടന്നുപിടിക്കുന്ന സീന്‍ എല്ലാം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ട സിനിമയാണത്. അത്തരമൊരു കഥാപാത്രം ഈ സമൂഹത്തില്‍ ആവശ്യമില്ലാത്ത ഒന്നാണെന്നേ ഞാന്‍ പറയുള്ളൂ. ഒരു സിസ്റ്റത്തിനെ തന്നെ മോശമായി കാണിക്കുകയാണ് ആ സിനിമ.

അങ്ങനെയൊരു കഥാപാത്രം വരുന്നതുമുതല്‍ എന്റെ പ്രശ്‌നം ആരംഭിക്കുകയാണ്. അത് ജീവിതത്തെ തെറ്റായി ചിത്രീകരിക്കുകയാണ്. സൈക്കോപാത്ത് ആയിട്ടുള്ള ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതെല്ലാം സിനിമയില്‍ കാണിക്കാം. എന്നാല്‍ ആ സിനിമയിലേത് പോലുള്ള ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഇല്ല. സമൂഹത്തെ തന്നെ തെറ്റായി കാണിക്കുകയാണ് ആ സിനിമയില്‍. ആ പ്രൊജക്ട് തന്നെ വലിയൊരു പ്രശ്‌നമാണ്. ടോക്‌സിക് മസ്‌കുലാനിറ്റിയെ ഗ്ലോറിഫൈ ചെയ്യുകയാണ് അവര്‍ ആ സിനിമയിലൂടെ,’ ശ്യാമപ്രസാദ് പറഞ്ഞു.

Content Highlight: Shyamaprasad shares his opinion on controversies related to Kasaba Movie

We use cookies to give you the best possible experience. Learn more