മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ശ്യാമപ്രസാദ്. കല്ല് കൊണ്ടൊരു പെണ്ണ് എന്ന് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം തുടര്‍ന്ന് അഗ്‌നിസാക്ഷി, അകലെ, ഒരേ കടല്‍, ഋതു തുടങ്ങിയ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തിലെ പല സൂപ്പര്‍ താരങ്ങളുടെയും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് പലതും ശ്യാമപ്രസാദിന്റെ സിനിമകളിലൂടെ പിറന്നതാണ്.

സംവിധാനത്തിന് പുറമെ അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ച ശ്യാമപ്രസാദ് ഇപ്പോഴിതാ അടുത്ത് മലയാളത്തില്‍ പ്രതീക്ഷയോടെ കണ്ട ഒരു സിനിമയെ കുറിച്ച് മനസ് തുറക്കുന്നു. താന്‍ ഏറെ പ്രതീക്ഷയോടെ കണ്ട സിനിമ ഉള്ളൊഴുക്കാണെന്നും അത് ഗംഭീര സിനിമയാണെന്നും ശ്യാമപ്രസാദ് പറയുന്നു.

ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്. ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സംസ്ഥാന ദേശീയ പുരസ്‌കാര വേദികളിലും ഉള്ളൊഴുക്ക് അവാര്‍ഡുകള്‍ നേടി.
ഇപ്പോള്‍ ശ്യാമപ്രസാദ് ഗൃഹലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ഉള്ളൊഴുക്ക് നന്മതിന്മകളുടെ ഇടയില്‍ നില്‍ക്കുന്ന ഒരു കഥയാണ്. മൂര്‍ച്ചയുള്ള വാള്‍ത്തലയ്ക്ക് മേലിലൂടെ പോയിക്കൊണ്ടിരിക്കുന്ന കഥ. എങ്ങനെയൊക്കെയാണ് സാമൂഹികവും വൈകാരികവും സാംസ്‌കാരികവു മായ ഘടകങ്ങള്‍ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നതെന്നെന്ന് ആ സിനിമ കാണിച്ചുതരുന്നുണ്ട്. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും നില്‍ക്കാതെ ശക്തമായി ആ കഥയെ ദൃശ്യവത്കരിക്കാന്‍ സാധിച്ചുവെന്നതാണ് സംവിധായകന്റെ വിജയം,’ ശ്യാമ പ്രസാദിന്റെ വാക്കുകള്‍.

ഭാഗ്യവശാല്‍ താന്‍ ടെലിഫിലിമുകളും സീരീസുകളും ചെയ്ത കാലത്ത് ഇത്രയധികം ചാനലുകള്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് ഇന്നത്തേതുപോലുള്ള മത്സരത്തെയൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും അദേഹം പറഞ്ഞു പില്‍ക്കാലത്ത് അമൃത ടെലിവിഷനില്‍ പ്രോഗ്രാം ഹെഡ് ആയിരിക്കുമ്പോഴേക്കും സ്ഥിതി മാറിയിരുന്നുവെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.

പതിവ് ഫോര്‍മാറ്റുകളുടെ ഇടയില്‍ വിട്ടുവീഴ്ചകള്‍ക്ക് നിന്നുകൊടുക്കാതെ നമ്മുടെ ആശയങ്ങള്‍ പിന്തുടര്‍ന്നും പ്രേക്ഷകരിലേക്ക് എത്തിക്കാമെന്ന ബോധ്യമുണ്ടായിരുന്നുവെന്നും അതിനുവേണ്ടി കുറച്ചധികം അധ്വാനിക്കേണ്ടി വന്നിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Shyamaprasad on the movie Ullozhukku