നിവിൻ പോളിയുടെ ചിരി ലാലേട്ടനെ പോലെ ലൈറ്റ് ഹൗസ് ആണ്: ശ്യാം മോഹൻ
malayalam movie
നിവിൻ പോളിയുടെ ചിരി ലാലേട്ടനെ പോലെ ലൈറ്റ് ഹൗസ് ആണ്: ശ്യാം മോഹൻ
നന്ദന. ടി
Sunday, 30th August 2026, 7:31 am

ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ പ്രേമലുവിലെ ആദി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ താരമാണ് ശ്യാം മോഹൻ. ആദി എന്ന് പറയുമ്പോൾ ഒപ്പം ജസ്റ്റ് കിഡിങ് ( ജെ.കെ ) എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല.

ഇപ്പോഴിതാ വീണ്ടും ഗിരീഷ് എ.ഡി. ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഒരു സ്പൂഫ് കഥാപാത്രമായെത്തിയ ഹരി ചാക്യാരെയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നടൻ നിവിൻ പോളിയെ കുറിച്ച് സംസാരിക്കുകയാണ് സംസാരിക്കുകയാണ് ശ്യാം മോഹൻ.

ശ്യാം മോഹൻ. Photo. Screen grab/ Youtube

നിവിൻ പോളിയുടെ ആരാധകൻ എന്ന നിലയിൽ നടനൊപ്പം അഭിനയിക്കാൻ സാധിച്ചത് ഒരു വലിയ ഫാൻ ബോയ് മൊമെന്റ് ആയിരുന്നു എന്ന് പറയുകയാണ് ശ്യാം മോഹൻ. നിവിന്റെ പ്രേമം സിനിമയിലെ ചില അഭിനയ ശൈലികൾ മുമ്പ് നടൻ മോഹൻലാലിൽ കണ്ടിട്ടുള്ള കാര്യങ്ങളായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

‘എന്നെ സംബന്ധിച്ചിടത്തോളം നിവിൻ പോളിയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതൊക്കെ ഒരു വലിയ ഫാൻ ബോയ് മൊമെന്റ് ആയിരുന്നു. 2015-ൽ ഞാൻ ബോംബെയിലെ ജോലി ഒക്കെ രാജി വെച്ച് നിൽക്കുമ്പോഴാണ് നിവിന്റെ പ്രേമം റിലീസ് ആകുന്നത്. അങ്ങനെ ഞാനും എന്റെ സുഹൃത്തും കൂടി അവിടുന്ന് തിയേറ്ററിൽ പോയി കണ്ടതാണ് സിനിമ.

അതുവരെ കാണാത്ത നിവിൻ പോളിയെയാണ് അതിൽ കണ്ടത്. നായകന്മാർ മുണ്ടുമടക്കിക്കുത്തി വരുന്ന ഇങ്ങനെയുള്ള പരിപാടികളൊക്കെ ലാലേട്ടനിൽ കണ്ട് നമ്മൾ രോമാഞ്ചിഫിക്കേഷൻ വന്ന സാധനങ്ങളാണ്. അത് തന്നെയാണ് നിവിൻ ചേട്ടൻ അന്ന് ചെയ്തത്. അതിനുമുമ്പും അദ്ദേഹത്തിന്റെ ഫാൻ ആയിരുന്നെങ്കിലും പ്രേമത്തിന് ശേഷം കട്ട ഫാനായി മാറി. പുള്ളിയുടെ ചിരിയൊക്കെ ലാലേട്ടനെപ്പോലെ ഒരു ലൈറ്റ്‌ഹൗസ് പോലെയാണ്, കാണാൻ ഭയങ്കര ഭംഗിയാണ്,’ ശ്യാം മോഹൻ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ് മൂന്ന് തവണ തിയേറ്ററിൽ പോയി കണ്ടത് താൻ അഭിനയിച്ച സിനിമ കാണുക എന്നതിലുപരി, നിവിൻ പോളിയുടെ ഒരു ഫാമിലി എന്റർടെയ്‌നർ സിനിമ ഹൗസ് ഫുൾ തിയേറ്ററിലിരുന്ന് കണ്ടസ്വദിക്കാൻ വേണ്ടിയായിരുന്നുവെന്നും ശ്യാം മോഹൻ പറയുന്നു.

‘ബെത്‌ലഹേം റിലീസായ ഫസ്റ്റ് ഡേ ഞങ്ങൾ എല്ലാവരും കൂടി പോയി കണ്ടു. പിന്നെ വൈഫിന് ഓഡിയൻസ് റിയാക്ഷൻ കാണാൻ വേണ്ടി അവളും ഒറ്റയ്ക്ക് പോയി കണ്ടിരുന്നു. മൂന്നാമത് ഞാനും അവളും കൂടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ തൊപ്പിയും മാസ്കും ഒക്കെ വെച്ച് പോയി കണ്ടു. അപ്പോഴൊക്കെ ഞാൻ പോയത് ഞാൻ അഭിനയിച്ച സിനിമ കാണണം എന്ന് വെച്ചല്ല, മറിച്ച് നിവിൻ പോളിയുടെ ഒരു ഫാമിലി പടം ഹൗസ് ഫുൾ തിയേറ്ററിൽ കാണുന്ന എക്സ്പീരിയൻസ് അറിയാൻ വേണ്ടിയായിരുന്നു.

നിവിൻ പോളി. മോഹൻലാൽ. Photo. The News Minute

സിനിമയിൽ നിവിൻ ചേട്ടൻ നാണിക്കുന്ന സമയത്ത് ഞാനും ഭാര്യയും അങ്ങോട്ടുമിങ്ങോട്ടും നോക്കി ബ്ലഷ് ചെയ്യുകയായിരുന്നു. ആ ഇന്നസെൻസ് ഒക്കെ ചിലപ്പോൾ ചിലർ ചെയ്താൽ ക്രിഞ്ച് ആകാൻ സാധ്യതയുള്ള സാധനങ്ങൾ ആണ് പക്ഷെ പുള്ളി വളരെ ഈസിയായിട്ടാണ് അത്
അവതരിപ്പിച്ചിട്ടുള്ളത്,’ ശ്യാം മോഹൻ പറഞ്ഞു.

Content Highlight: Shyam Mohan talks about actor Nivin Pauly

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം