മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശ്വേത മേനോന്‍. അഭിനയത്തിന് പുറമെ മോഡലിങ്, ടെലിവിഷന്‍ അവതാരക എന്നിവയിലും തന്റെ കഴിവ് തെളിയിച്ച ആള്‍ കൂടിയാണ് ശ്വേത. 1994ല്‍ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടാന്‍ നടിക്ക് സാധിച്ചിരുന്നു. 1991ല്‍ ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്വേത തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നടി അഭിനയിച്ചു.
മമ്മൂട്ടിയോടൊപ്പവും മോഹന്‍ലാലിന്റെ കൂടെയും അഭിനയിക്കാന്‍ ശ്വേതക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് ശ്വേത മേനോന്‍. മമ്മൂട്ടി ഒരു കുട്ടിയെ പോലെ ആണെന്നും എന്നാല്‍ മോഹന്‍ലാല്‍ എല്ലാവര്‍ക്കും കൊടുത്തുമാത്രം ശീലമുള്ള ഒരാളാണെന്നും ശ്വേത പറഞ്ഞു.
‘മമ്മൂക്ക ഒരു പൂവ് പോലെയാണ്. എപ്പോഴും പൂക്കുന്നൊരു പൂവ്. പെട്ടെന്ന് സ്വഭാവം മാറുന്ന ഒരു കുട്ടിയാണ് അദ്ദേഹം. ശരിക്കുമൊരു കുട്ടിയെ പോലെത്തന്നെയാണ് മമ്മൂക്ക. അതെല്ലാം നല്ല രീതിയില്‍ തന്നെയാണ് കേട്ടോ. ഞാന്‍ ഇപ്പോള്‍ ഒരു അമ്മയാണല്ലോ, അതുകൊണ്ടുതന്നെ കുട്ടികളുടെ വികൃതിയെല്ലാം ഞാന്‍ ആ രീതിയില്‍ തന്നെയാണ് കാണാറുള്ളത്.
മമ്മൂക്ക എപ്പോഴും എല്ലാവരോടും തുറന്ന് സംസാരിക്കണമെന്ന് പറയുന്നത് എന്തിനാണ്? ഒരു വീടിന് നാല് വാതിലുകളുണ്ടെങ്കില്‍ നമ്മള്‍ അതെല്ലാം എപ്പോഴും തുറന്നിടാറുണ്ടോ? ഇല്ല. അങ്ങനെ ചെയ്താല്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കറിയാം. ആരെങ്കിലും ബെല്‍ അടിച്ചാല്‍ മാത്രമാണല്ലോ നമ്മള്‍ പ്രധാനപെട്ട വാതില്‍ തുറക്കുന്നത്, മമ്മൂക്കയും അതുപോലെതന്നെയാണ്.
എന്നാല്‍ ലാലേട്ടന്‍ ആകട്ടെ, അദ്ദേഹത്തിന് കൊടുക്കാന്‍ മാത്രമേ അറിയൂ. അദ്ദേഹം എല്ലാവരെയും സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന് അവിശ്വസനീയമായ ഓര്‍മശക്തിയുണ്ട്. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുമുട്ടിയ ഒരാളെ അദ്ദേഹം ഇപ്പോഴും ഓര്‍ക്കും. അദ്ദേഹം എപ്പോഴും ആളുകളോട് സൗഹൃദപരമായും സ്‌നേഹത്തോടെയുമാണ് പെരുമാറുള്ളു,’ ശ്വേത പറയുന്നു.
Content highlight: Shweta Menon Talks About Mohanlal And Mammootty