കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു.
പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസായിരുന്നു നിഹാദിനെതിരെ കേസെടുത്തത്.
നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പൊലീസ് എതിര്‍ത്തു. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പോക്‌സോ കേസുകള്‍, അശ്ലീല പ്രചരണം, ലഹരിമരുന്ന് ഉപയോഗം, തുടങ്ങിയ ആരോപണങ്ങളായിരുന്നു തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നത്. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൊപ്പിയുടെ കണ്ടറ്റുകള്‍ കുട്ടികളില്‍ മോശം സ്വാധീനം ചെലുത്തുന്നുവെന്ന് നേരത്തെയും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
ഗെയിം സ്ട്രീമിങുകളിലൂടെയും വ്‌ളോഗുകളിലൂടെയുമായിരുന്നു തൊപ്പി സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയത്. വീഡിയോകളില്‍ നിരന്തരം തെറിവാക്കുകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുന്നതിനെതിരെയും വ്യാപകമായി പരാതികള്‍ ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.