ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരം ഓവലില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒലി പോപ്പ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലെത്തിക്കാം. എന്നാല്‍ പരാജയപ്പെടാതെ പിടിച്ചുനിന്നാല്‍ ആതിഥേയര്‍ക്ക് പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി ജേതാക്കളാകാന്‍ സാധിക്കും.
മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കരുണ്‍ നായരിന്റെ കരുത്തിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് സ്‌കോര്‍ ഉയര്‍ത്തുന്നത്. 98 പന്തില്‍ 52 റണ്‍സുമായാണ് താരം ക്രീസില്‍ തുടരുന്നത്. 45 പന്തില്‍ 19 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറാണ് ക്രീസിലുള്ള മറ്റൊരു താരം.
That’s Stumps on Day 1 of the 5th #ENGvIND Test! #TeamIndia end the rain-curtailed opening Day on 204/6.
മികച്ച ഫോമില്‍ തുടരുന്ന നായകന്‍ ശുഭ്മന്‍ ഗില്‍ റണ്‍ ഔട്ടായാണ് മടങ്ങിയത്. ഗസ് ആറ്റ്കിന്‍സണിന്റെ പന്തില്‍ ഷോട്ട് കളിച്ച ശേഷം സിംഗിളിന് ശ്രമിച്ച ഗില്ലിന് പിഴച്ചു. അതിവേഗം പന്ത് കൈക്കലാക്കിയ ആറ്റ്കിന്‍സണ്‍ ഡയറക്ട് ഹിറ്റിലൂടെ താരത്തെ മടക്കുകയായിരുന്നു. 35 പന്ത് നേരിട്ട് 21 റണ്‍സിനാണ് ഗില്‍ മടങ്ങിയത്.
എന്നാല്‍ പുറത്താകും മുമ്പേ ഒരു ചരിത്ര നേട്ടവും ഗില്ലിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ഒരു ബൈലാറ്ററല്‍ ടെസ്റ്റ് സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ഓവലില്‍ 11 റണ്‍സ് നേടിയതോടെയാണ് ഗില്‍ ഈ നേട്ടത്തിലെത്തിയത്.
ശുഭ്മന്‍ ഗില്‍
ഇതിഹാസ താരം സുനില്‍ ഗവാസ്‌കറിന്റെ പേരിലുള്ള റെക്കോഡാണ് ഗില്‍ തന്റെ പേരിലേക്ക് മാറ്റിയത്. 1978-79ല്‍ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ലിറ്റില്‍ മാസ്റ്റര്‍ നേടിയ 732 റണ്‍സാണ് ഈ റെക്കോഡില്‍ ഇക്കാലമത്രയും ഒന്നാമതുണ്ടായിരുന്നത്.
സുനില്‍ ഗവാസ്കർ
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഈ നേട്ടം ഗില്‍ സ്വന്തമാക്കിയെങ്കിലും ഏകദിനത്തിലും ടി-20യിലും ഈ റെക്കോഡ് നേട്ടം വിരാട് കോഹ്‌ലിയുടെ പേരില്‍ തന്നെ തുടരുകയാണ്.
ഓരോ ഫോര്‍മാറ്റിലും ഒരു ബൈലാറ്ററല്‍ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റന്‍മാര്‍
ടെസ്റ്റ് – ശുഭ്മന്‍ ഗില്‍
എതിരാളികള്‍ – ഇംഗ്ലണ്ട്
റണ്‍സ് – 743*
ശരാശരി – 82.6
വര്‍ഷം – 2025
ഏകദിനം – വിരാട് കോഹ്‌ലി
എതിരാളികള്‍ – സൗത്ത് ആഫ്രിക്ക
റണ്‍സ് – 558
ശരാശരി – 186.00
വര്‍ഷം – 2018
ടി-20 – വിരാട് കോഹ്‌ലി
എതിരാളികള്‍ – ഇംഗ്ലണ്ട്
റണ്‍സ് – 231
ശരാശരി – 115.5
വര്‍ഷം – 2021
വിരാട് കോഹ്‌ലി
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ഗില്ലിന് പുറമെ ടോപ്പ് ഓര്‍ഡറിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
യശസ്വി ജെയ്സ്വാള്‍ വെറും രണ്ട് റണ്‍സിനും കെ.എല്‍. രാഹുല്‍ 40 പന്തില്‍ 14 റണ്‍സിനും മടങ്ങി. രവീന്ദ്ര ജഡേജ ഒമ്പത് റണ്‍സുമായി മടങ്ങിയപ്പോള്‍ റിഷബ് പന്തിന് പകരം പ്ലെയിങ് ഇലവനില്‍ ഇടം നേടിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ 19 റണ്‍സിനും പുറത്തായി.