വെറും പത്ത് ദിവസം; വിരാടിനെ ഒന്നാം സ്ഥാനത്ത് നിന്നും പടിയിറക്കിവിട്ട് ഗില്‍
Sports News
വെറും പത്ത് ദിവസം; വിരാടിനെ ഒന്നാം സ്ഥാനത്ത് നിന്നും പടിയിറക്കിവിട്ട് ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th January 2023, 10:21 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും സെഞ്ച്വറി തികച്ച് യുവതാരം ശുഭ്മന്‍ ഗില്‍ ഒരിക്കല്‍ക്കൂടി തന്റെ കണ്‍സിസ്റ്റന്‍സി തെളിയിച്ചിരുന്നു. പരമ്പരയിലെ മൂന്ന് മത്സരത്തിലും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിര്‍ണായകമായ ഗില്ലിനെ തന്നെയായിരുന്നു പരമ്പരയുടെ താരമായി തെരഞ്ഞെടുത്തതും.

മൂന്നാം ഏകദിനത്തിലെ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഗില്ലിനെ തേടിയെത്തിയിരുന്നു. ഏകദിന ഫോര്‍മാറ്റില്‍, ഒരു ബൈലാറ്ററല്‍ സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്.

പാക് നായകന്‍ ബാബര്‍ അസമിനൊപ്പം 360 റണ്‍സോടെ ഒന്നാം സ്ഥാനം പങ്കിടുകയാണ് ഗില്‍. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബാബര്‍ 360 അടിച്ചത്.

ഇതോടെ വിരാട് കോഹ്‌ലിയുടെ പേരിലുള്ള ഇന്ത്യന്‍ റെക്കോഡാണ് തിരുത്തിക്കുറിക്കപ്പെട്ടത്. ഒരു ഏകദിന ബൈലാറ്ററല്‍ സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന വിരാടിന്റെ റെക്കോഡാണ് മൂന്നാം മത്സരത്തിലെ സെഞ്ച്വറിക്ക് പിന്നാലെ ഗില്‍ സ്വന്തമാക്കിയത്.

2023ലെ ഇന്ത്യയുടെ ആദ്യ പരമ്പരയിലാണ് വിരാട് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ലങ്കക്കെതിരായ പരമ്പരയില്‍ രണ്ട് സെഞ്ച്വറിയുള്‍പ്പെടെ 283 റണ്‍സാണ് വിരാട് നേടിയിരുന്നത്. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 166 റണ്‍സ് നേടിയാണ് വിരാട് റെക്കോഡിലേക്ക് നടന്നടുത്തത്.

എന്നാല്‍ ആ റെക്കോഡിന് പത്ത് ദിവസം പോലും ആയുസ്സുണ്ടായിരുന്നില്ല.

ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തകര്‍ത്തടിച്ചെങ്കിലും ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ വിരാടിന് അടിതെറ്റിയിരുന്നു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ പത്ത് പന്ത് നേരിട്ട് വെറും എട്ട് റണ്‍സ് മാത്രമാണ് വിരാടിന് നേടാന്‍ സാധിച്ചത്.

റായ്പൂരില്‍ നടന്ന രണ്ടാം മത്സരത്തിലാവട്ടെ ഒമ്പത് പന്തില്‍ നിന്നും 11 റണ്‍സ് നേടിയാണ് വിരാട് പുറത്തായത്. ആദ്യ മത്സരത്തിലേതെന്ന പോലെ മിച്ചല്‍ സാന്റ്‌നര്‍ തന്നെയായിരുന്നു വിരാടിനെ പുറത്താക്കിയത്.

മൂന്നാം മത്സരത്തിലാണ് വിരാട് താരതമ്യേന മികടച്ച പ്രകടനം കാഴ്ചവെച്ചത്. 27 പന്തില്‍ നിന്നും 36 റണ്‍സുമായിട്ടാണ് വിരാട് പുറത്തായത്.

അതേസമയം, ഗില്ലാകട്ടെ ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയും മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയും നേടിയിരുന്നു. ആദ്യ മത്സരത്തില്‍ തകര്‍ത്തടിച്ച് ഇരട്ട സെഞ്ച്വറി നേടിയ അതേ ഗില്‍ തന്നെയാണ് രണ്ടാം മത്സരത്തില്‍ 53 പന്തില്‍ നിന്നും പുറത്താകാതെ 40 റണ്‍സ് നേടി സെന്‍സിബിള്‍ ഇന്നിങ്‌സ് കാഴ്ചവെച്ചത്.

ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 പരമ്പരയാണ് ഇനി ഗില്ലിന് മുമ്പിലുള്ളത്.

 

 

Content Highlight: Shubman gill surpasses Virat Kohli