ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ മാറ്റി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് വൈസ് ക്യാപ്റ്റനാകുമെന്നും റിപ്പോര്‍ട്ടുണ്ട്. പി.ടി.ഐ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് ഏഴിന് ടെസ്റ്റില്‍ നിന്ന് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിച്ചതോടെയാണ് ഈ ഫോര്‍മാറ്റില്‍ പുതിയ ക്യാപ്റ്റനെത്തുന്നത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ബുംറയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത്തിന്റെ അഭാവത്തില്‍ ഒന്നാം ടെസ്റ്റിലും അവസാന ടെസ്റ്റിലും ബുംറയായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ താരത്തിന്റെ കീഴില്‍ വിജയിക്കുകയും ചെയ്തിരുന്നു.
പരമ്പരക്ക് പിന്നാലെ താരം പരിക്കേറ്റ് മൂന്ന് മാസത്തോളം കളിക്കളത്തിന് പുറത്തായിരുന്നു. പുറം വേദന കാരണം ചാമ്പ്യന്‍സ് ട്രോഫിയും ഐ.പി.എല്‍ ആദ്യ കുറച്ച് മത്സരങ്ങളും ബുംറയ്ക്ക് നഷ്ടമായിരുന്നു. ഇടക്കിടെയുണ്ടാകുന്ന പരിക്കും വര്‍ക്ക് ലോഡും പരിഗണിച്ചാണ് താരത്തെ ലീഡര്‍ഷിപ്പ് റോളിലേക്ക് കൊണ്ടുവരാത്തതെന്നാണ് സൂചന.
ബുംറ ക്യാപ്റ്റനല്ലെങ്കില്‍ താരത്തെ വൈസ് ക്യാപ്റ്റനാക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
‘ബുംറ ക്യാപ്റ്റനല്ലെങ്കില്‍, അദ്ദേഹത്തിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല,’ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ക്യാപ്റ്റനായി വിരാട് കോഹ് ലിയെ നായകനാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ശുഭ്മന്‍ ഗില്ലിന് സമയം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരമൊരു ആലോചന.
‘ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കോഹ്ലിയെ ക്യാപ്റ്റനാക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നു. ഗില്ലിന് നായകനായി വളരാന്‍ സമയം ലഭിക്കാന്‍ വേണ്ടിയാണിത്.
എന്നിരുന്നാലും, 25 വയസായിട്ടും ഗില്‍ ഇതുവരെ തന്റെ ഏറ്റവും മികച്ച ഫോമില്‍ എത്തിയിട്ടില്ല. ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്, അജിത് അഗാര്‍ക്കറുടെ കമ്മിറ്റിയ്ക്ക് ഗില്ലാണ് വ്യക്തമായ ചോയ്‌സ്,’ ബി.സി.സി.ഐ വൃത്തം പറഞ്ഞു.
ജൂണ്‍ അവസാനമാണ് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഐ.പി.എല്ലിന് ശേഷമെത്തുന്ന പരമ്പരയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് തുടക്കം കുറിക്കുക ഈ പരമ്പരയാണ്.
Content Highlight: Shubman Gill Set To Lead India In Tests, and Considered Virat Kohli for the position in England