| Sunday, 5th October 2025, 7:08 pm

20 ഏകദിനങ്ങള്‍ മുമ്പിലുണ്ട്; രോഹിത് ശര്‍മയെക്കൊണ്ട് സാധിക്കാത്തത് നേടുമെന്ന് പുതിയ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2027 ഏകദിന ലോകകപ്പ് സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ഏകദിന നായകന്‍ ശുഭ്മന്‍ ഗില്‍. ലോകകപ്പിന് മുമ്പ് ഇന്ത്യ 20 ഏകദിന മത്സരങ്ങള്‍ കളിക്കുമെന്നും ഓരോ മത്സരവും മികച്ചതാക്കാന്‍ ശ്രമിക്കുമെന്നും ഗില്‍ പറഞ്ഞു.

‘ഏകദിനത്തില്‍ നിങ്ങളുടെ രാജ്യത്തെ നയിക്കുക എന്നത് വളരെ അഭിമാനകരമായ നേട്ടമാണ്, ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഈ ടീമിനെ നയിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്. ഇതെനിക്ക് ഏറെ അഭിമാനം നല്‍കുന്നു. എനിക്ക് മികച്ച രീതിയില്‍ ടീമിനെ നയിക്കാന്‍ സാധിക്കുമെന്ന് തന്നെ ഞാന്‍ കരുതുന്നു,’ ഗില്‍ പറഞ്ഞു.

2027 ഏകദിന ലോകകപ്പ് മുമ്പില്‍ കണ്ടുകൊണ്ട് തന്നെയാണ് ബി.സി.സി.ഐയുടെ ഈ നീക്കം. 2027 ലോകകപ്പിലും രോഹിത്തിന് കീഴില്‍ തന്നെ ഇന്ത്യയിറങ്ങുമെന്ന് തന്നെയാണ് ആരാധകര്‍ കരുതിയിരുന്നത്.

എന്നാല്‍ ലോകകപ്പ് സമയമാകുമ്പോഴേക്കും രോഹിത് ശര്‍മയ്ക്ക് 40 വയസാകും. വിരാടിന് 38ഉം. ഇപ്പോഴുള്ള ബി.സി.സി.ഐയുടെ സെലക്ഷന്‍ രീതിയില്‍ ഇരുവരും ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമോ എന്നതാണ് ആരാധകരുടെ ഇപ്പോഴുള്ള ആശങ്ക.

‘ലോകകപ്പിന് മുമ്പ് 20 ഏകദിനങ്ങള്‍ കളിക്കാനുണ്ടാകും. ഉറപ്പായും ഏറ്റവും വലിയ ലക്ഷ്യം 2027ലെ സൗത്ത് ആഫ്രിക്ക ലോകകപ്പ് തന്നെയാണ്. കളിക്കുന്നത് ഏത് മത്സരമായാലും ടീമിലെ ഏത് താരമായാലും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. ലോകകപ്പിന് മുമ്പ് ഒരു മികച്ച സീസണ്‍ കെട്ടിപ്പടുക്കാനും ലോകകപ്പ് വിജയിക്കാനുമാണ് ശ്രമിക്കുന്നത്,’ ഗില്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഗില്‍ ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുക. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയും ഏഷ്യാ കപ്പിലെ വൈസ് ക്യാപ്റ്റന്‍സിയും വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനവുമടക്കം ഗില്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരത്തിന് വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

എന്നാല്‍ ശുഭ്മന്‍ ഗില്ലിനെ ദി നെക്‌സ്റ്റ് ബിഗ് തിങ്ങും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ്‌യും ആക്കാനുള്ള ബി.സി.സി.ഐയുടെ കൊണ്ടുപിടിച്ച ശ്രമം താരത്തെ മെന്‍ ഇന്‍ ബ്ലൂവിന്റെ ഒ.ഡി.ഐ ക്യാപ്റ്റന്റെ സ്ഥാനത്തെത്തിച്ചു.

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തി കളിക്കുക. പിന്നാലെ നടക്കുന്ന അഞ്ച് ടി-20 പരമ്പരയിലും ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം തന്നെയുണ്ട്.

ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍

ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അകസര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍

Content Highlight: Shubman Gill says he want to win 2027 ODI World Cup

Latest Stories

We use cookies to give you the best possible experience. Learn more