2027 ഏകദിന ലോകകപ്പ് സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ഏകദിന നായകന്‍ ശുഭ്മന്‍ ഗില്‍. ലോകകപ്പിന് മുമ്പ് ഇന്ത്യ 20 ഏകദിന മത്സരങ്ങള്‍ കളിക്കുമെന്നും ഓരോ മത്സരവും മികച്ചതാക്കാന്‍ ശ്രമിക്കുമെന്നും ഗില്‍ പറഞ്ഞു.
‘ഏകദിനത്തില്‍ നിങ്ങളുടെ രാജ്യത്തെ നയിക്കുക എന്നത് വളരെ അഭിമാനകരമായ നേട്ടമാണ്, ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഈ ടീമിനെ നയിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്. ഇതെനിക്ക് ഏറെ അഭിമാനം നല്‍കുന്നു. എനിക്ക് മികച്ച രീതിയില്‍ ടീമിനെ നയിക്കാന്‍ സാധിക്കുമെന്ന് തന്നെ ഞാന്‍ കരുതുന്നു,’ ഗില്‍ പറഞ്ഞു.
First Test at Home as Captain ✅
Clinical Performance ✅
India’s new ODI captain ✅
2027 ഏകദിന ലോകകപ്പ് മുമ്പില്‍ കണ്ടുകൊണ്ട് തന്നെയാണ് ബി.സി.സി.ഐയുടെ ഈ നീക്കം. 2027 ലോകകപ്പിലും രോഹിത്തിന് കീഴില്‍ തന്നെ ഇന്ത്യയിറങ്ങുമെന്ന് തന്നെയാണ് ആരാധകര്‍ കരുതിയിരുന്നത്.
എന്നാല്‍ ലോകകപ്പ് സമയമാകുമ്പോഴേക്കും രോഹിത് ശര്‍മയ്ക്ക് 40 വയസാകും. വിരാടിന് 38ഉം. ഇപ്പോഴുള്ള ബി.സി.സി.ഐയുടെ സെലക്ഷന്‍ രീതിയില്‍ ഇരുവരും ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമോ എന്നതാണ് ആരാധകരുടെ ഇപ്പോഴുള്ള ആശങ്ക.
‘ലോകകപ്പിന് മുമ്പ് 20 ഏകദിനങ്ങള്‍ കളിക്കാനുണ്ടാകും. ഉറപ്പായും ഏറ്റവും വലിയ ലക്ഷ്യം 2027ലെ സൗത്ത് ആഫ്രിക്ക ലോകകപ്പ് തന്നെയാണ്. കളിക്കുന്നത് ഏത് മത്സരമായാലും ടീമിലെ ഏത് താരമായാലും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. ലോകകപ്പിന് മുമ്പ് ഒരു മികച്ച സീസണ്‍ കെട്ടിപ്പടുക്കാനും ലോകകപ്പ് വിജയിക്കാനുമാണ് ശ്രമിക്കുന്നത്,’ ഗില്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഗില്‍ ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുക. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയും ഏഷ്യാ കപ്പിലെ വൈസ് ക്യാപ്റ്റന്‍സിയും വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനവുമടക്കം ഗില്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരത്തിന് വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
എന്നാല്‍ ശുഭ്മന്‍ ഗില്ലിനെ ദി നെക്‌സ്റ്റ് ബിഗ് തിങ്ങും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ്‌യും ആക്കാനുള്ള ബി.സി.സി.ഐയുടെ കൊണ്ടുപിടിച്ച ശ്രമം താരത്തെ മെന്‍ ഇന്‍ ബ്ലൂവിന്റെ ഒ.ഡി.ഐ ക്യാപ്റ്റന്റെ സ്ഥാനത്തെത്തിച്ചു.
മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തി കളിക്കുക. പിന്നാലെ നടക്കുന്ന അഞ്ച് ടി-20 പരമ്പരയിലും ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം തന്നെയുണ്ട്.