ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ തോല്‍വിയോടെയാണ് സന്ദര്‍ശകര്‍ തുടങ്ങിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയപ്പോള്‍ ഒട്ടും വിയര്‍ക്കാതെ കങ്കാരുക്കള്‍ ജയിച്ചുകയറി.
26 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 ഇന്ത്യ സ്വന്തമാക്കിയത്. ഡി.എല്‍.എസ്. നിയമപ്രകാരം 131 റണ്‍സായി പുതുക്കിയ വിജയലക്ഷ്യം 29 പന്ത് ശേഷിക്കെ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് വിജയിച്ചു.
ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ തോല്‍ക്കേണ്ടി വന്നതിന്റെ മോശം റെക്കോഡും ഗില്ലിന്റെ പേരില്‍ കുറിക്കപ്പെട്ടു.
2024 ജൂലൈയിലെ ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തിലെ ആദ്യ ടി-20യിലാണ് ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ പരാജയപ്പെട്ടത്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 102ന് പുറത്താവുകയായിരുന്നു.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പരയിലെ ശേഷിച്ച മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ 4-1ന് സീരീസ് സ്വന്തമാക്കി.
2025-27 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ പരമ്പരയില്‍ ഇംഗ്ലണ്ടിനെയായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിയിരുന്നത്. ഇന്ത്യ അടുത്ത ട്രാന്‍സിഷന്‍ പിരീഡിലേക്ക് കടക്കുന്നതിന്റെ ഭാഗമായി രോഹിത്തില്‍ നിന്നും ഗില്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍സിയുടെ ബാറ്റണ്‍ സ്വീകരിച്ചതും ഈ പരമ്പരയോടെയായിരുന്നു.
ഹെഡിങ്‌ലിയില്‍ വെച്ച് നടന്ന പമ്പരയിലെ മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ ടെസ്റ്റ് തോറ്റെങ്കിലും അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിലെത്തിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇപ്പോള്‍ ഏകദിന ക്യാപ്റ്റനായ ആദ്യ മത്സലരത്തിലും ഗില്‍ തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്.
ഗില്‍ മാത്രമല്ല, ഈ മോശം നേട്ടത്തില്‍ താരത്തിന് കൂട്ടായി വിരാട് കോഹ്‌ലിയുമുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ കോഹ്‌ലിയുടെ ഇന്ത്യ പരാജയം രുചിച്ചിരുന്നു.
2014 ഡിസംബറിലാണ് വിരാട് ടെസ്റ്റ് ടീം ക്യാപ്റ്റനാകുന്നത്. ധോണിക്ക് പരിക്കേറ്റതോടെയാണ് സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായി വിരാട് ചുമതലയേല്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ 48 റണ്‍സിന് വിജയിച്ചിരുന്നു.
രണ്ട് ഇന്നിങ്‌സിലും വിരാട് സെഞ്ച്വറി നേടിയെങ്കിലും നഥാന്‍ ലിയോണിന്റെ കരുത്തില്‍ കങ്കാരുക്കള്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ഏകദിന ഫോര്‍മാറ്റില്‍ ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ ശ്രീലങ്കയായിരുന്നു എതിരാളികള്‍. അന്നും ധോണിയുടെ പരിക്കാണ് വിരാടിന് ക്യാപ്റ്റന്‍സി ലഭിക്കാന്‍ കാരണമായത്.
2013ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 161 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി. ലങ്ക ഉയര്‍ത്തിയ 349 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 187ന് പുറത്തായി. മത്സരത്തില്‍ രണ്ട് റണ്‍സാണ് വിരാടിന് നേടാന്‍ സാധിച്ചത്.
ടി-20 ഫോര്‍മാറ്റില്‍ ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടായിരുന്നു തോല്‍വി. കാണ്‍പൂരില്‍ ഏഴ് വിക്കറ്റിനാണ് കോഹ്‌ലിയും സംഘവും പരാജയം രുചിച്ചത്.
അതേസമയം, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കഴിയുമ്പോള്‍ ആതിഥേയരായ ഓസീസ് 1-0ന് മുമ്പിലാണ്. ഒക്ടോബര്‍ 23നാണ് പരമ്പരയിലെ രണ്ടാം മത്സരം. അഡ്‌ലെയ്ഡാണ് വേദി. പരമ്പര സജീവമാക്കി നിര്‍ത്തണമെങ്കില്‍ ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
Content Highlight: Shubman Gill s becomes only the second Indian captain after Virat Kohli to lose first match in all three formats