ധോണി ആറ് തവണയെത്തിയ നാണക്കേടില്‍ അരങ്ങേറ്റ പരമ്പരയില്‍ തന്നെ; തലകുനിച്ച് ഗില്‍
Sports News
ധോണി ആറ് തവണയെത്തിയ നാണക്കേടില്‍ അരങ്ങേറ്റ പരമ്പരയില്‍ തന്നെ; തലകുനിച്ച് ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th July 2025, 10:01 am

ടെന്‍ഡുല്‍കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയമൊഴിവാക്കാനുള്ള ശ്രമത്തിലാണ്. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ 137 റണ്‍സിന് പിന്നിലുള്ള ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പരാജയമൊഴിവാക്കാനും സമനിലയില്‍ അവസാനിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ലോര്‍ഡ്സിലെ മൂന്നാം ടെസ്റ്റിലെന്ന പോലെ വിക്കറ്റുകള്‍ വലിച്ചെറിയാതിരുന്നാല്‍ ഇന്ത്യയ്ക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ പരാജയമൊഴിവാക്കാം.

സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)

ഇന്ത്യ: 358 & 172/2 (63)

ഇംഗ്ലണ്ട്: 669

ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ യശസ്വി ജെയ്സ്വാളിനെയും സായ് സുദര്‍ശനെയും നഷ്ടപ്പെട്ടിരിക്കുകയാണ്. പൂജ്യത്തിനാണ് ഇരുവരും മടങ്ങിയത്.ജെയ്സ്വാളിനെ ജോ റൂട്ടിന്റെ കൈകളിലൊതുക്കിയും സായ് സുദര്‍ശനെ ഹാരി ബ്രൂക്കിന്റെയും കൈകളിലെത്തിച്ച് ക്രിസ് വോക്സാണ് മടക്കിയത്.

മൂന്നാം വിക്കറ്റില്‍ കെ.എല്‍. രാഹുലിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. രാഹുല്‍ 210 പന്തില്‍ 87 റണ്‍സ് നേടിയും ഗില്‍ 167 പന്തില്‍ 78 റണ്‍സുമായും ക്രീസിലുണ്ട്.

സൂപ്പര്‍ താരം ജോ റൂട്ടിന്റെയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെയും സെഞ്ച്വറികളുടെ ബലത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. റൂട്ട് 150 റണ്‍സും സ്റ്റോക്സ് 141 റണ്‍സും അടിച്ചെടുത്തു. ബെന്‍ ഡക്കറ്റ് (94 റണ്‍സ്), സാക്ക് ക്രോളി (113 പന്തില്‍ 84 റണ്‍സ്), ഒലി പോപ്പ് (128 പന്തില്‍ 71) എന്നിവരും ടോട്ടലില്‍ കരുത്തായി.

ഇംഗ്ലീഷ് ബാറ്റര്‍മാരുടെ കരുത്തില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെ തേടി ഒരു മോശം നേട്ടവുമെത്തി. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 600+ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ മോശം ലിസ്റ്റിലാണ് ഗില്‍ ഇടം പിടിച്ചത്. താരത്തിന്റെ അരങ്ങേറ്റ പരമ്പരയില്‍ തന്നെയാണ് ഈ മോശം റെക്കോഡ് പിറവിയെടുത്തത് എന്നതും ശ്രദ്ധേയമാണ്.

2014ലാണ് ഇന്ത്യ ഇതിന് മുമ്പ് ഒരു ഇന്നിങ്‌സില്‍ 600 റണ്‍സ് വീട്ടുകൊടുത്തത്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ആതിഥേയര്‍ ഇന്ത്യയ്‌ക്കെതിരെ 680/8 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതിഹാസ താരം ബ്രെണ്ടന്‍ മക്കെല്ലത്തിന്റെ ട്രിപ്പിള്‍ സെഞ്ച്വറി കരുത്തിലാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ ചെയ്തത്.

ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവുമധികം തവണ 600 റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

(താരം – എത്ര തവണ എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 6

ലാല അമര്‍നാഥ് – 3

സൗരവ് ഗാംഗുലി – 3

സുനില്‍ ഗവാസ്‌കര്‍ – 3

രാഹുല്‍ ദ്രാവിഡ് – 2

വിരേന്ദര്‍ സേവാഗ് – 2

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – 1

ഹേമു അധികാരി – 1

മുഹമ്മദ് അസറുദ്ദീന്‍ – 1

അജിത് വഡേക്കര്‍ – 1

നരിമാന്‍ ജംഷഡ്ജി കോണ്‍ട്രാക്ടര്‍ – 1

ഗുലാം അഹമ്മദ് – 1

എസ്. വെങ്കട്ടരാഘവന്‍ – 1

ക്രിസ് ശ്രീകാന്ത് – 1

അനില്‍ കുംബ്ലെ – 1

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1

ശുഭ്മന്‍ ഗില്‍ – 1*

ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ ആര്‍ക്കും തന്നെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജ് മുതല്‍ പരിചയ സമ്പന്നരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരടക്കമുള്ളവര്‍ നിരാശപ്പെടുത്തി.

ബൗളര്‍മാര്‍ അടി വാങ്ങിയ പിച്ചില്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ ഇതുവരെ വിജയിക്കാന്‍ സാധിക്കാത്ത മണ്ണില്‍ ഇന്ത്യയ്ക്ക് പരാജയം ഒഴിവാക്കാം.

 

Content highlight: Shubman Gill joins the unwanted list of Indian captain conceding 600 runs in a Test innings