ടി-20 ജേഴ്‌സിയില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടാതെ 480 ദിവസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. 2024 ജൂലൈയിലാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും അവസാനമായി ടി-20 ഫോര്‍മാറ്റില്‍ അര്‍ധ സെഞ്ച്വറി പിറന്നത്.
ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലാണ് ഗില്‍ ഒടുവില്‍ 50+ സ്‌കോര്‍ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ പുറത്താകാതെ 58 റണ്‍സാണ് ഗില്‍ നേടിയത്. ഹരാരെയായിരുന്നു വേദി.
അതിന് ശേഷം 14 ഇന്നിങ്‌സുകളില്‍ ഗില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങി. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നേടിയ 47 റണ്‍സാണ് ഇതിന് ശേഷമുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
അവസാന ടി-20ഐ അര്‍ധ സെഞ്ച്വറിക്ക് ശേഷമുള്ള ശുഭ്മന്‍ ഗില്ലിന്റെ പ്രകടനങ്ങള്‍
vs സിംബാബ്‌വേ – 13 (14)
vs ശ്രീലങ്ക – 34 (16)
vs ശ്രീലങ്ക – 39 (37)
vs യു.എ.ഇ – 20* (9)
vs പാകിസ്ഥാന്‍ – 10 (7)
vs ഒമാന്‍ – 5 (8)
vs പാകിസ്ഥാന്‍ – 47 (28)
vs ബംഗ്ലാദേശ് – 29 (19)
vs ശ്രീലങ്ക – 29 (19)
vs പാകിസ്ഥാന്‍ – 12 (10)
vs ഓസ്‌ട്രേലിയ – 37* (20)
vs ഓസ്‌ട്രേലിയ – 5 (10)
vs ഓസ്‌ട്രേലിയ – 15 (12)
vs ഓസ്‌ട്രേലിയ – 46 (39)
ഈ 14 മത്സരത്തില്‍ നിന്നും 23.08 ശരാശരിയിലും 119.39 സ്‌ട്രൈക് റേറ്റിലും 277 റണ്‍സാണ് ഗില്ലിന് സ്വന്തമാക്കാന്‍ സാധിച്ചത്.
ഏഷ്യാ കപ്പില്‍ സൂര്യയുടെ ഡെപ്യൂട്ടിയായി ചുമതലയേറ്റതിന് പിന്നാലെ ടൂര്‍ണമെന്റിലെ എല്ലാ മത്സരത്തിലും താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ ഗില്‍ ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തി.
ഗില്ലിന് വേണ്ടി ഇന്ത്യയ്ക്ക് ടീമിന്റെ ബാറ്റിങ് ഓര്‍ഡര്‍ പൂര്‍ണമായും ഉടച്ചുവാര്‍ക്കേണ്ടി വന്നു.
ഗില്ലിന് ഓപ്പണറാകണമെന്നതിനാല്‍ ഓപ്പണിങ്ങില്‍ തിളങ്ങിയ സഞ്ജുവിനെ മിഡില്‍ ഓര്‍ഡറിലേക്ക് തട്ടി. ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് ടി-20 സെഞ്ച്വറി നേടിയ ഏക താരമായിരുന്നിട്ടും സഞ്ജുവിന്റെ മെറിറ്റ് പരിഗണിക്കാതെയായിരുന്നു കോച്ചിന്റെ ഈ തീരുമാനം.