ടെസ്റ്റ് ഫോര്‍മാറ്റില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് ഗില്‍ തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് താണ്ടിയത്.
കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഗില്‍ 3,000 എന്ന മാജിക്കല്‍ നമ്പറിലെത്തിയത്.
ടെസ്റ്റില്‍ 3,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 28ാം ഇന്ത്യന്‍ താരമാണ് ഗില്‍. തന്റെ കരിയറിലെ 77ാം ഇന്നിങ്‌സിലാണ് താരത്തിന്റെ സ്വപ്‌ന നേട്ടം.
ഒരു മികച്ച ടെസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ ഗില്ലിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്നതുകൂടിയാണ് ഈ നേട്ടം. ടെസ്റ്റില്‍ ആയിരം റണ്‍സിലെത്താന്‍ 36 ഇന്നിങ്‌സുകള്‍ കളിച്ച ഗില്ലിന് അടുത്ത ആയിരം റണ്‍സിലെത്താന്‍ (1,001 – 2,000) വേണ്ടി വന്നത് 24 ഇന്നിങ്‌സുകള്‍ മാത്രമാണ്. തന്റെ 60ാം ഇന്നിങ്‌സിലാണ് ഗില്‍ 2,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയത്.
ശുഭ്മന്‍ ഗിൽ. Photo: BCCI/x.com
ശേഷം വെറും 17 ഇന്നിങ്‌സുകളില്‍ അടുത്ത ആയിരം റണ്‍സും (2,001 – 3,000) ഗില്‍ കണ്ടെത്തി. 43.52 ശരാശരിയില്‍ ബാറ്റ് വീശുന്ന താരത്തിന് അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കീഴടക്കാന്‍ ഇനിയും ഉയരങ്ങള്‍ ബാക്കിയാണ്.
അതേസമയം, രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയുമായാണ് ഗില്‍ ബാറ്റിങ് തുടരുന്നത്. മത്സരത്തില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 184 എന്ന നിലയിലാണ് ഇന്ത്യ.
101 പന്തില്‍ 50 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും 113 പന്തില്‍ 61 റണ്‍സുമായി കഴിഞ്ഞ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍.
53 പന്തില്‍ 45 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെയും 33 പന്തില്‍ 18 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇതിനോടകം നഷ്ടപ്പെട്ടത്. ജെയ്‌സ്വാളിനെ അസിത ഫെര്‍ണാണ്ടോ പുറത്താക്കിയപ്പോള്‍ ലാഹിരു കുമാരയുടെ പന്തില്‍ നിരോഷന്‍ ഡിക്ക്‌വെല്ലയ്ക്ക് ക്യാച്ച് നല്‍കിയാണ് രാഹുലിന്റെ മടക്കം.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഗംഭീര വിജയം നേടിയ ഇന്ത്യ, രണ്ടാം ടെസ്റ്റും സ്വന്തമാക്കി പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
Content Highlight: Shubman Gill completed 3,000 Test runs