സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരം ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
എന്നാല്‍ ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെ ഇന്നിങ്‌സിലെ മൂന്നാം പന്തില്‍ കൂടാരത്തിലേക്ക് പറഞ്ഞയച്ചാണ് പ്രോട്ടിയാസ് തുടങ്ങിയത്. ലുങ്കി എന്‍ഗിഡി എറിഞ്ഞ ആദ്യ പന്ത് ഫോര്‍ അടിച്ച് തുടങ്ങിയ ഗില്‍ രണ്ടാം പന്തില്‍ മാര്‍ക്കോ യാന്‍സന്റെ കയ്യിലേക്ക് ഉയര്‍ത്തിയടിക്കുകയായിരുന്നു. ഓപ്പണിങ്ങില്‍ വലിയ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതെയാണ് വൈസ് ക്യാപ്റ്റന്‍ ഗില്‍ തുടര്‍ പരാജയങ്ങള്‍ നേരിടുന്നത്.
എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനേയും എന്‍ഗിഡി എയ്ഡന്‍ മാര്‍ക്രത്തിന്റെ കയ്യിലെത്തിച്ച് പുറത്താക്കിയിരിക്കുകയാണ്. 11 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 12 റണ്‍സുമായാണ് സൂര്യയുടെ മടക്കം. മൂന്നാം ഓവറിവെ നാലാം പന്തിലാണ് സൂര്യ പുറത്തായത്. നിലവില്‍ അഞ്ച് ഓവര്‍ പൂര്‍ത്തിയാപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സാണ് ഇന്ത്യ നേടിയത്.
അതേസമയം ഇന്ത്യന്‍ നിരയില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന് അവസരം നല്‍കാതെയാണ് ടീം ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ ജിതേഷ് ശര്‍മയ്ക്കാണ് അവസരം നല്‍കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ടീമില്‍ നിന്ന് തഴയുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.