ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ പൂര്‍ണമായ ആത്മവിശ്വാസത്തിലാണെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള എന്റെ ചുമതലയില്‍ ഞാന്‍ പൂര്‍ണമായും ആത്മവിശ്വാസത്തിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താന്‍ സജീവമായി തുടരുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ഞങ്ങള്‍ക്ക് ആറ് അല്ലെങ്കില്‍ ഏഴ് ടെസ്റ്റുകളില്‍ വിജയിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് അതിന് തുടക്കം കുറിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ ശുഭ്മന്‍ ഗില്‍ പി.ടി.ഐയോട് പറഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഇരു ടീമുകളും സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു.
സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും ബാറ്റര്‍ സായി സുദര്‍ശനുമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പരിക്ക് കാരണമാണ് താരങ്ങള്‍ പരമ്പരയില്‍ നിന്ന് പുറത്തായത്. അതേസമയം ശ്രീലങ്കയും സൂപ്പര്‍ താരങ്ങളായ പാത്തും നിസങ്കയും കുശാല്‍ മെന്‍ഡിസും ഇല്ലാതെയാണ് കളത്തിലിറങ്ങുന്നത്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍
ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), ലഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, കാമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ദിനേഷ് ചണ്ഡിമല്‍, പസിന്ദു സൂരിയബന്ധാര, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്‌വെല്ല (വിക്കറ്റ് കീപ്പര്‍), രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, കേശര നുവന്ത, മിലന്‍ രത്‌നായകെ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷങ്ക
Content Highlight: Shubhman Gill Talking About Sri Lankan Test Series