ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര 2025 ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പത്രസമ്മേളത്തില്‍ സംസാരിച്ചിരുന്നു.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും അപ്രതീക്ഷിതമായ വിരമിക്കല്‍ ടീമിനെ സമ്മര്‍ദത്തിലാക്കുമോ എന്ന ചോദ്യത്തിന് ഗില്‍ മറുപടി പറയുകയായിരുന്നു. മാത്രമല്ല ക്യാപ്റ്റന്‍സിയില്‍ പ്രത്യേക ശൈലി പിന്തുടരാന്‍ താനില്ലെന്നും കളിക്കാരുമായി വലിയ ബന്ധം സൃഷ്ടിക്കുമ്പോഴാണ് അവര്‍ മികച്ചത് തിരിച്ചുതരുന്നതെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
‘എല്ലാ ടൂറുകളിലും സമ്മര്‍ദം എപ്പോഴും ഉണ്ടാകും. തീര്‍ച്ചയായും, ഇത്രയും കാലം കളിക്കുകയും നിരവധി തവണ വിജയിക്കുകയും ചെയ്ത രണ്ട് വളരെ പരിചയസമ്പന്നരായ കളിക്കാര്‍ ഞങ്ങള്‍ക്കില്ല, അവരുടെ സ്ഥാനം നികത്താന്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഇത് വലിയ ഒരു ഒരു സമ്മര്‍ദമല്ല, നമ്മള്‍ക്ക് അത് അറിയാവുന്നതാണ്.
എനിക്ക് പ്രത്യേക ശൈലി പിന്തുടരാന്‍ ആഗ്രഹമില്ല. കളിക്കാരുമായി ആശയവിനിമയം നടത്തുന്നത് എനിക്ക് ഇഷ്ടമാണ്, അവര്‍ക്ക് സുരക്ഷിതത്വം തോന്നിപ്പിക്കുകയും ചെയ്യുന്നു. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ കളിക്കാരുമായി ഒരു ബന്ധം സ്ഥാപിക്കുന്നത് എനിക്ക് വളരെ പ്രധാനമാണ്. കളിക്കാര്‍ കംഫര്‍ട്ടബിള്‍ ആകുമ്പോള്‍ മാത്രമേ അവര്‍ നിങ്ങള്‍ക്ക് 100 ശതമാനം നല്‍കൂ,’ പത്രസമ്മേളനത്തില്‍ ഗില്‍ പറഞ്ഞു.