ഗില്‍ തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് തിരിച്ചടിയോ? ടി - 20 സ്‌ക്വാഡിന്റെ അവസ്ഥയിങ്ങനെ...
Cricket
ഗില്‍ തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് തിരിച്ചടിയോ? ടി - 20 സ്‌ക്വാഡിന്റെ അവസ്ഥയിങ്ങനെ...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd December 2025, 3:42 pm

ഇന്ത്യന്‍ ടെസ്റ്റ് – ഏകദിന നായകനും ടി – 20 വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍ സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ടി – 20 പരമ്പരയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. താരം പരിക്കില്‍ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ടെന്നും കളിക്കാന്‍ ഇനി ഫിറ്റ്‌നസ് ക്ലിയറന്‍സ് മാത്രം ലഭിച്ചാല്‍ മതിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഗില്‍ കളിക്കാന്‍ സജ്ജമാണെങ്കിലും റിസ്‌ക് എടുക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ ആദ്യ മത്സരത്തില്‍ താരം പുറത്തിരിക്കേണ്ടി വന്നേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രോട്ടിയാസിനെതിരെയുള്ള ടി – 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നിര്‍ണായക വിവരം പുറത്ത് വരുന്നത്.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ് മടങ്ങുന്ന ശുഭ്മൻ ഗിൽ Photo: BCCI/x.com

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഒന്നാം ടെസ്റ്റിനിടെ ഗില്ലിന് കഴുത്തിന് പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ പരമ്പരയിലെ രണ്ടാം ടെസ്റ്റും സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പരയും താരത്തിന് നഷ്ടമായിരുന്നു. നേരത്തെ, താരം ടി – 20 പരമ്പരയ്ക്കും ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് ശുഭ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്ന ഈ റിപ്പോര്‍ട്ട്.

അതേസമയം, പരിക്ക് മാറി താരം എത്തുന്നതോടെ ഓപ്പണിങ്ങിലും ഗില്‍ തന്നെ ഇറങ്ങാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണിന് ഓപ്പണിങ്ങിന് അവസരം ലഭിച്ചേക്കില്ല.

പ്രോട്ടിയാസിനെതിരെ അഭിഷേക് ശര്‍മയ്ക്ക് ഒപ്പം സഞ്ജു ഓപ്പണിങ്ങില്‍ ബാറ്റിങ്ങിന് എത്തിയേക്കുമെന്ന് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍, ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഈ സാധ്യത ഇല്ലാതാക്കുന്നു.

സഞ്ജു സാംസൺ Photo: BCCI/x.com

അതേസമയം ബി.സി.സി.ഐ ഇന്ന് (ഡിസംബര്‍ 3) പ്രോട്ടിയാസിനെതിരെയുള്ള ടി – 20 ടീമിനെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ന് അതിനായി യോഗം ചേരുന്നുണ്ട്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗും ടീമില്‍ ഇടം പിടിച്ചേക്കും. ഡിസംബര്‍ ഒമ്പത് മുതലാണ് പ്രോട്ടിയാസിനെതിരെയുള്ള ടി – 20 പരമ്പര തുടങ്ങുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

Content Highlight: Shubhman Gill is set to be available for the T20I series against South Africa; Sanju Samson may miss the chance to be opener in the series