സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പിനുണ്ടാവുമെന്ന് പുതിയ ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. ഇരുവര്‍ക്കുമുള്ള കഴിവും അനുഭവപരിചയവും വളരെ കുറവ് താരങ്ങള്‍ക്ക് മാത്രമേ ഉള്ളുവെന്നും താരം പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗില്‍.
‘രോഹിത്തിനും വിരാടിനുമുള്ള കഴിവും അനുഭവപരിചയവും വളരെ കുറവ് താരങ്ങള്‍ക്ക് മാത്രമേയുള്ളൂ. ഇരുവരും ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുണ്ട്.
അത്തരം കഴിവുകളും അനുഭവപരിചയവും ക്വാളിറ്റിയുമുള്ള കുറച്ച് താരങ്ങള്‍ മാത്രമേ ലോകത്തിലുള്ളൂ. അവര്‍ തീര്‍ച്ചയായും 2027 ഏകദിന ലോകകപ്പില്‍ കളിക്കും,’ ഗില്‍ പറഞ്ഞു.
രോഹിത്തിന്റെ നിരവധി ഗുണങ്ങള്‍ താന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഗില്‍ പറഞ്ഞു. രോഹിത് പ്രകടിപ്പിക്കുന്ന ശാന്തതയും താരങ്ങള്‍ക്കിടയിലെ സൗഹൃദവുമാണ് താന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഏകദിന ക്രിക്കറ്റില്‍ ഗില്ലിനെ ബി.സി.സി.ഐ ക്യാപ്റ്റനാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോളാണ് രോഹിത്തിനെ മാറ്റി താരത്തെ ക്യാപ്റ്റനാക്കി മാറ്റിയത്. അതിനാല്‍ തന്നെ രോഹിത്തും കോഹ്‌ലിയും 2027ലെ ഏകദിന ലോകകപ്പില്‍ ഉണ്ടാവില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗില്ലിന്റെ പ്രതികരണം.
അതേസമയം, ഒക്ടോബര്‍ 19നാണ് ഓസ്‌ട്രേലിയക്ക് എതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടീമില്‍ രോഹിത്തും കോഹ്ലിയും ഇടം പിടിച്ചിട്ടുണ്ട്.