വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ തോല്‍വി സമ്മതിക്കുകയായിരുന്നു.
ഇതോടെ ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം സ്വന്തമാക്കുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഇടം നേടാനും ഗില്ലിന് സാധിച്ചു. തന്റെ ക്യാപ്റ്റന്‍സി കരിയറിലെ ആറാം മത്സരത്തിലാണ് ഗില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയ ക്യാപ്റ്റന്‍മാര്‍
(ക്യാപ്റ്റന്‍ – എത്ര തവണ എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 12
എം.എസ്. ധോണി – 9
മുഹമ്മദ് അസറുദ്ദീന്‍ – 8
സൗരവ് ഗാംഗുലി – 7
രോഹിത് ശര്‍മ – 4
രാഹുല്‍ ദ്രാവിഡ് – 2
കപില്‍ ദേവ് – 2
പോളി ഉമ്രിഗര്‍ – 2
ശുഭ്മന്‍ ഗില്‍ – 1*
അജിന്‍ക്യ രഹാനെ – 1
ബിഷന്‍ സിങ് ബേദി – 1
ലാല അമര്‍നാഥ് – 1
വിജയ് ഹസാരെ – 1
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം തുടക്കത്തില്‍ തന്നെ പാളുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്.
ഇന്നിങ്സിന്റെ ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ ക്രീസില്‍ നിലയുറപ്പിക്കാനോ കരിബീയന്‍ താരങ്ങളെ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ സന്ദര്‍ശകരെ വരിഞ്ഞുമുറുക്കി.
48 പന്ത് നേരിട്ട് 32 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്സാണ് വിന്‍ഡീസിനായി ചെറിയ തോതിലെങ്കിലും പിടിച്ചുനിന്നത്. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ് (36 പന്തില്‍ 26), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്സ് (43 പന്തില്‍ 24) എന്നിവരുടെ ഇന്നിങ്സുകള്‍ വെസ്റ്റ് ഇന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. എക്സ്ട്രാസ് ഇനത്തില്‍ ലഭിച്ച 21 റണ്‍സും വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്സില്‍ നിര്‍ണായകമായി.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തു. തഗനരെയ്ന്‍ ചന്ദര്‍പോള്‍, അലിക് അത്തനാസ്, ബ്രാന്‍ഡന്‍ കിങ്, റോസ്റ്റണ്‍ ചെയ്സ് എന്നിവരെയാണ് സിറാജ് പുറത്താക്കിയത്.
ജോണ്‍ കാംബെല്‍, ജസ്റ്റിന്‍ ഗ്രീവ്സ്, ജോഹാന്‍ ലെയ്ന്‍ എന്നിവരെ ബുംറയും മടക്കി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി 162ന് വെസ്റ്റ് ഇന്‍ഡീസിന്റെ പതനം പൂര്‍ത്തിയാക്കുകയായിരുന്നു.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചു. മൂന്ന് സൂപ്പര്‍ താരങ്ങളുടെ സെഞ്ച്വറിയില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തകര്‍ത്തടിച്ചത്. ജുറെല്‍ 210 പന്ത് നേരിട്ട് 125 റണ്‍സ് നേടിയപ്പോള്‍ ജഡേജ 176 പന്തില്‍ 104 റണ്‍സുമായി പുറത്താകാതെ നിന്നു. 197 പന്തില്‍ നൂറ് റണ്‍സടിച്ചാണ് കെ.എല്‍. രാഹുല്‍ മടങ്ങിയത്.
അന്താരാഷ്ട്ര തലത്തില്‍ ജുറെലിന്റെ ആദ്യ സെഞ്ച്വറിയാണിത്. ടെസ്റ്റില്‍ തന്റെ ആറാം മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടാനും ജുറെലിന് സാധിച്ചു. ഒടുവില്‍ 286 റണ്‍സിന്റെ ലീഡില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സില്‍ കടവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്‌സിലും കൈവെച്ചതെല്ലാം പാളി. മൂന്നാം ദിവസം ലഞ്ചിന് മുമ്പ് തന്നെ അഞ്ച് വിക്കറ്റുകള്‍ ടീമിന് നഷ്ടപ്പെട്ടിരുന്നു.
He is in the mix too 😎
Ravindra Jadeja with the wicket of John Campbell ☝️
രണ്ടാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് വിക്കറ്റുമായി മുഹമ്മദ് സിറാജ് തിളങ്ങിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഒക്ടോബര്‍ പത്തിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹിയാണ് വേദി.
Content Highlight: Shubhman Gill joins elite list of Indian captains with innings victory in Test