അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു: എനിക്ക് ഡാര്‍ക്ക് ഷെയ്ഡ് ചെയ്യാന്‍ പ്രത്യേക കഴിവുണ്ട്: ശ്രുതി മേനോന്‍
Malayalam Cinema
അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു: എനിക്ക് ഡാര്‍ക്ക് ഷെയ്ഡ് ചെയ്യാന്‍ പ്രത്യേക കഴിവുണ്ട്: ശ്രുതി മേനോന്‍
ഐറിന്‍ മരിയ ആന്റണി
Friday, 27th February 2026, 10:43 pm

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് ശ്രുതി മേനോന്‍. അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും സജീവമായ ശ്രുതി മലയാളം, മറാത്തി, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സഞ്ചാരം എന്ന ഫീച്ചര്‍ ഫിലിമിലൂടെ അഭിനയം ആരംഭിച്ച ശ്രുതി ഷെയ്ന്‍ നിഗം നായകനായ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ എത്തിയ സ്പായാണ് ശ്രുതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഡള്‍ട്ട് കോമഡി ഴോണറിലൊരുങ്ങിയ ചിത്രം പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പതികരണമാണ് നേടിയത്. ഇപ്പോള്‍ സ്പാ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നമുക്ക് ചില മനുഷ്യരോട് ഇഷ്ടം തോന്നില്ലേ? അങ്ങനെയൊരിഷ്ടമാണ് എന്നെ സ്പായിലേക്ക് കൂട്ടിയത്. പതിവായി കാണുന്നതിനപ്പുറം ഒരുപാട് കാര്യങ്ങള്‍ സ്പാ പറയുന്നു. സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ സിനിമയുടെ ഭാഗമാകണമെന്നത് വലിയ ആഗ്രഹമായിരുന്നു. 15 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും സമയമെടുക്കുമെന്നാണല്ലോ പറയുന്നത്.

കുറച്ചു ഡാര്‍ക്ക് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് വേണ്ട പ്രത്യേക കഴിവ് എന്നിലുണ്ടെന്ന് തോന്നിയിട്ടുണ്ട്. സ്‌നേഹിക്കുന്ന വ്യക്തിയെ ഓര്‍ത്ത് പാട്ടുപാടി, നാണം കുണുങ്ങി, ഗോതമ്പു പാടങ്ങളിലൂടെ ഓടുന്നതിനേക്കാള്‍ ചുറ്റും കാണുന്ന സാധാരണ മനുഷ്യരുടെ അവസ്ഥകളും പ്രശ്നങ്ങളും തുറന്നു കാണിക്കുന്ന കഥാപാത്രങ്ങള്‍ ആകാനാണിഷ്ട്ടം. അത്തരം അവസരങ്ങള്‍ മുന്നിലെത്തുമ്പോള്‍ തന്നെ ഞാന്‍ ചാടി പിടിക്കും,’ ശ്രുതി മേനോന്‍ പറയുന്നു.

വഴിത്തിരിവുകളുടെ ഘോഷയാത്രയാണെന്റെ ജീവിതമെന്നും ഓരോ എപ്പിസോഡും ഓരോ വഴിത്തിരിവാണെന്നും ശ്രുതി പറയുന്നു. പൈലറ്റ് ആകണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹമെന്നും വളര്‍ന്നപ്പോള്‍ ഇഷ്ടം സിനിമയോടും മോഡലിങ്ങിനോടുമായെന്നും നടി പറയുന്നു. 22 വര്‍ഷമായി താന്‍ ഈ മേഖലയിലുണ്ടെന്നും അതൊരു വഴിതിരിവാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു

Content Highlight:  Shruthy  talks about  talking about his arrival in the Spa movie 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.