ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ച താരമാണ് ശ്രേയസ് അയ്യർ. ഒപ്പം മുംബൈ താരം ഐ.പി.എല്ലിൽ തുടർച്ചയായി രണ്ട് വ്യത്യസ്ത ടീമുകളെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇതോടെ താരത്തിന് വലിയ ആരാധക പിന്തുണ ലഭിക്കുകയും ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പെടുത്താത്തതിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു.
ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏകദിനത്തിൽ രോഹിത്തിന്റെ പിൻഗാമിയായി ശ്രേയസിനെയും ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദേശീയ മാധ്യമയായ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
2025ലെ ഐ.പി.എല്ലിലെ പ്രകടനത്തോടെ ശ്രേയസിനെ മൂന്ന് ഫോർമാറ്റിൽ നിന്നും മാറ്റി നിർത്താനാവില്ലെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
‘ഇപ്പോൾ ശ്രേയസ് അയ്യർ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. പക്ഷേ, ഈ ഐ.പി.എൽ കഴിഞ്ഞതോടെ താരത്തിനെ ടി – 20യിൽ നിന്നോ ടെസ്റ്റിൽ നിന്നോ മാറ്റി നിർത്താനാവില്ല. കൂടാതെ, വൈറ്റ് ബോൾ ക്യാപ്റ്റൻസിയിലേക്ക്
ഔദ്യോഗികമായി പരിഗണിക്കുന്നവരിൽ ഒരാളായി മാറിയിട്ടുണ്ട്,’ ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ ഏകദിനത്തിൽ ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമയാണ്. താരം ടി – 20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ചിട്ടുണ്ട്. രോഹിത് എപ്പോൾ വിരമിക്കുമെന്ന് വ്യക്തമല്ലെങ്കിലും സമീപ ഭാവിയിൽ അങ്ങനെ സംഭവിച്ചാൽ ശ്രേയസ് അയ്യരുടെ നിലവിലെ ഫോമിനെ പരിഗണിക്കാതിരിക്കാൻ ഇന്ത്യൻ മാനേജ്മെന്റിന് സാധിക്കില്ല.
പതിനെട്ടാം സീസണിൽ ശ്രേയസ് 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബ് കിങ്സിനെ ഐ.പി.എൽ ഫൈനലിൽ എത്തിച്ചിരുന്നു. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ സീസണിൽ തന്നെയാണ് പഞ്ചാബിന്റെ ചരിത്രം തിരുത്തി കുറിച്ചതെന്നത് താരത്തിന്റെ ക്യാപ്റ്റൻസി മികവിന് തെളിവാണ്.
കൂടാതെ, കഴിഞ്ഞ സീസണിൽ താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐ.പി.എൽ ചാമ്പ്യൻമാരാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയതും ശ്രേയസിന്റെ ക്യാപ്റ്റൻസിയിലായിരുന്നു.
Content Highlight: Shreyas Iyer officially join captaincy race in Indian ODI Cricket Team: Report