ധോണി രണ്ട് ഘട്ടത്തില്‍ ആറ് തവണയും രോഹിത് രണ്ട് തവണയും സ്വന്തമാക്കിയ റെക്കോഡില്‍ ശ്രേയസ്; എന്നാല്‍ ഇവിടെ ഒരു ട്വിസ്റ്റുമുണ്ട്
IPL
ധോണി രണ്ട് ഘട്ടത്തില്‍ ആറ് തവണയും രോഹിത് രണ്ട് തവണയും സ്വന്തമാക്കിയ റെക്കോഡില്‍ ശ്രേയസ്; എന്നാല്‍ ഇവിടെ ഒരു ട്വിസ്റ്റുമുണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd June 2025, 7:02 pm

ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടത്തിനുള്ള കൗണ്ട് ഡൗണിലാണ് ക്രിക്കറ്റ് ലോകം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഇത്തവണ ഒരു പുതിയ ചാമ്പ്യന്‍ പിറവിയെടുക്കും എന്നതിനാല്‍ കലാശപ്പോരാട്ടത്തിന്റെ ആവേശവും ഇരട്ടിയാണ്.

ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ഫൈനലിന് ടിക്കറ്റെടുത്തത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ 60 പന്ത് ബാക്കി നില്‍ക്കവെ ചരിത്ര വിജയം സ്വന്തമാക്കിയാണ് ടീം കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തത്.

ആദ്യ ക്വാളിഫയറില്‍ തോറ്റെങ്കിലും രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്റര്‍ ജയിച്ചെത്തിയ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് ശ്രേയസും സംഘവും ഫൈനലിനെത്തിയത്. നോക്ക്ഔട്ട് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡും ശ്രേയസ് ഷോയില്‍ പഞ്ചാബിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

ഫൈനലിനൊരുങ്ങുന്ന പഞ്ചാബ് നായകന്റെ പേരില്‍ ഇപ്പോള്‍ ഒരു റെക്കോഡും കുറിക്കപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായ ഐ.പി.എല്‍ ഫൈനലുകളില്‍ ടീമിനെ നയിക്കുന്ന നാലാമത് നായകനെന്ന റെക്കോഡാണ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്.

എം.എസ്. ധോണി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ ക്യാപ്റ്റന്‍മാര്‍.

2010, 2011, 2012, 2013 സീസണുകളില്‍ തുടര്‍ച്ചയായ നാല് തവണ എം.എസ്. ധോണിക്ക് കീഴില്‍ സൂപ്പര്‍ കിങ്‌സ് ഫൈനല്‍ കളിച്ചു. കാലങ്ങള്‍ക്ക് ശേഷം 2018ലും 2019ലും തുടര്‍ച്ചയായ ഫൈനലുകളില്‍ ധോണി സൂപ്പര്‍ കിങ്‌സിനെ നയിച്ചു.

2010ലും 2011ലും ധോണിക്ക് കീഴില്‍ സൂപ്പര്‍ കിങ്‌സ് കിരീടമുയര്‍ത്തിയപ്പോള്‍ 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും 2013ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെയും പരാജയപ്പെട്ടു.

2018ല്‍ സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തി മൂന്നാം കിരീടമണിഞ്ഞ സൂപ്പര്‍ കിങ്‌സ് അടുത്ത സീസണില്‍ മുംബൈയോട് പരാജയപ്പെട്ടു.

2019ല്‍ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സിന് കിരീടം നേടിക്കൊടുത്ത രോഹിത് ശര്‍മ 2020ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയും തുടര്‍ച്ചയായ ഫൈനലില്‍ കിരീടമണിഞ്ഞു.

2022ലും 2023ലുമാണ് ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ കളിക്കുന്നത്. ഐ.പി.എല്ലിന്റെ ഭാഗമായ ആദ്യ അവസരത്തില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി കപ്പടിച്ച ടൈറ്റന്‍സിന് അടുത്ത ഫൈനലില്‍ പിഴച്ചു. കിരീടം നിലനിര്‍ത്തുന്ന ഐ.പി.എല്‍ ചരിത്രത്തിലെ മൂന്നാം ടീം എന്ന ചരിത്രനേട്ടത്തില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടൈറ്റന്‍സിനെ തട്ടിയകറ്റി.

ഇപ്പോള്‍ 2024ലും 2025ലും തന്റെ ടീമിനെ ഫൈനലിലെത്തിച്ചാണ് ശ്രേയസ് അയ്യര്‍ ഈ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്. എന്നാല്‍ ഈ കൂട്ടത്തിലെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടവും ഇതോടൊപ്പം ശ്രേയസിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

ധോണിയും രോഹിത്തും ഹര്‍ദിക്കും ഒരേ ടീമിനെ തന്നെയാണ് തുടര്‍ച്ചയായ ഫൈനലുകളില്‍ നയിച്ചതെങ്കില്‍ രണ്ട് വിവിധ ടീമുകളെയാണ് ശ്രേയസ് കിരീടപ്പോരാട്ടത്തില്‍ നയിക്കുന്നത്.

2024ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലാന്‍ഡ് സ്ലൈഡ് വിക്ടറി സ്വന്തമാക്കി ടീമിനെ കിരീടത്തിലേക്ക് നയിച്ചെങ്കിലും ഐ.പി.എല്‍ മെഗാ താരലേലത്തിന് മുമ്പ് നൈറ്റ് റൈഡേഴ്‌സ് ശ്രേയസിനെ കൈവിട്ടു. പൊന്നുംവില കൊടുത്ത് പഞ്ചാബ് കിങ്‌സ് താരത്തെ സ്വന്തമാക്കുകയും ക്യാപ്റ്റന്‍സിയെന്ന നിര്‍ണായക ചുമതലയേല്‍പ്പിക്കുകയും ചെയ്തു.

ടീം തന്നിലര്‍പ്പിച്ച വിശ്വാസം ശ്രേയസ് കാക്കുകയും പഞ്ചാബിനെ കിരീടത്തിന് തൊട്ടരികിലെത്തിക്കുകയും ചെയ്തിരിക്കുകയാണ്. ആര്‍.സി.ബിയെ തോല്‍പ്പിച്ച് കിരീടം നേടിയാല്‍ ധോണിക്കും രോഹിത്തിനും ശേഷം കിരീടം നിലനിര്‍ത്തിയ ക്യാപ്റ്റനെന്ന റെക്കോഡും രണ്ട് വിവിധ ടീമുകളെ കിരീടമണിയിച്ച ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനെന്ന നേട്ടവും ശ്രേയസിനെ തേടിയെത്തും.

 

Content Highlight: Shreyas Iyer joins elite list of MS Dhoni, Rohit Sharma, Hardik Pandya to lead IPL teams in back-to-back finals