ഓസ്‌ട്രേലിയക്കെതിരായ അവസാനത്തെ ഏകദിന മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് അയ്യരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ശ്രേയസിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്നും ഐ.സി.യുവില്‍ നിന്ന് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്.
അയ്യര്‍ ഡ്രസ്സിങ് റൂമില്‍ ബോധം കെട്ട് വീണിരുന്നെന്നും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് സ്‌കാനിങ് എടുത്തപ്പോള്‍ ഗുരുതര പരിക്കുണ്ടായിരുന്നെന്നതായും അധികൃതര്‍ അറിയിച്ചെന്നും ഒരു വൃത്തം പി.ടി.ഐയോട് പറഞ്ഞു.
‘ഡ്രസ്സിങ് റൂമില്‍ അയ്യര്‍ ബോധം കെട്ട് വീണു. അദ്ദേഹം മൊത്തത്തില്‍ താളം തെറ്റിയിരുന്നു. ആശുപത്രിയിലെത്തി സ്‌കാന്‍ ചെയ്തപ്പോള്‍ ഗുരുതര പരിക്കാണെന്ന് കണ്ടെത്തി ഐ.സി.യുവിലേക്ക് മാറ്റി. ഇപ്പോള്‍ കാര്യങ്ങള്‍ സുസ്ഥിരമാണ്,’ ശ്രേയസ് അയ്യരുമായി ബന്ധമുള്ള വൃത്തം പി.ടി.ഐയോട് പറഞ്ഞു.
മാത്രമല്ല ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രേയസ് സുഖം പ്രാപിച്ചുവരുന്നു, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്നാണ് ഫോണില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി. സംഭവിച്ചത് നിര്‍ഭാഗ്യകരമാണ്, കുറച്ച് ദിവസത്തേക്ക് അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. പക്ഷേ വിഷമിക്കേണ്ട കാര്യമില്ല,’ സൂര്യ പറഞ്ഞു.
ഒക്ടോബര്‍ 25ന് നടന്ന മൂന്നാം ഏകദിനത്തിലാണ് ശ്രേയസിന് പരിക്കേറ്റത്. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിടെയായിരുന്നു അയ്യര്‍ക്ക് ഇടത് വാരിയെല്ലിന് പരിക്ക് പറ്റിയത്. വാരിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരമിപ്പോള്‍ സിഡ്‌നിയിലെ ആശുപതിയില്‍ തുടരുകയാണ്.
Content Highlight: Shreyas’ health condition is currently improving and he has been moved out of the ICU