| Wednesday, 26th February 2025, 1:24 pm

ആ സംവിധായകന് എന്താണ് വേണ്ടതെന്ന് മനസിലായില്ല, എന്നെ വിട്ടേക്കൂ എന്ന് പറഞ്ഞ് റെക്കോര്‍ഡിങ് റൂമില്‍ നിന്ന് കരഞ്ഞപേക്ഷിച്ചു: ശ്രേയ ഘോഷാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായികമാരില്‍ ഒരാളാണ് ശ്രേയ ഘോഷാല്‍. 18 ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ച ശ്രേയ ഘോഷാല്‍ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് അഞ്ച് വട്ടം സ്വന്തമാക്കിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഒരുപാട് അവാര്‍ഡുകളും ശ്രേയയെ തേടിയെത്തിയിട്ടുണ്ട്.

ഒരുപാട് ബ്രേക്കും ടേക്കും എടുത്തിട്ടും കറക്ട് സ്റ്റൈല്‍ കിട്ടിയില്ല. ‘എന്നെ വിട്ടേക്കൂ സാര്‍, പ്ലീസ്’ എന്ന് ഞാന്‍ റെക്കോഡിങ് റൂമില്‍ നിന്ന് സംവിധായകനോട് കരഞ്ഞ് അപേക്ഷിച്ചു- ശ്രേയ ഘോഷാല്‍

അമീര്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പരുത്തിവീരന്‍. യുവന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കിയ ചിത്രത്തില്‍ ശ്രേയയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ‘അയ്യയ്യോ’ എന്ന് ആരംഭിക്കുന്ന പാട്ടിന്റെ റെക്കോഡിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശ്രേയ ഘോഷാല്‍. ആ പാട്ടിന്റെ റെക്കോഡിങ് താന്‍ ഒരിക്കലും മറക്കില്ലെന്ന് ശ്രേയ ഘോഷാല്‍ പറഞ്ഞു.

സംവിധായകന്റെ മനസില്‍ ഉള്ള രീതിക്ക് പാടാന്‍ എത്ര ശ്രമിച്ചിട്ടും തനിക്ക് സാധിച്ചില്ലെന്നും ഇംഗ്ലീഷും ഹിന്ദിയും അദ്ദേഹത്തിന് അറിയില്ലായിരുന്നെന്നും ശ്രേയ കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിക്കേഷന്റെ പ്രശ്‌നമുള്ളതുകൊണ്ട് തന്റെ ശൈലി അമീറിന് എത്ര തവണ കേട്ടിട്ടും ഇഷ്ടമായില്ലെന്നും ശ്രേയ ഘോഷാല്‍ പറഞ്ഞു.

തലേദിവസം വലിയൊരു യാത്ര കഴിഞ്ഞ ശേഷമാണ് താന്‍ ചെന്നൈയില്‍ യുവന്റെ സ്റ്റുഡിയോയില്‍ എത്തിയതെന്നും ശ്രേയ കൂട്ടിച്ചേര്‍ത്തു. താന്‍ സ്റ്റുഡിയോയില്‍ കയറിയപ്പോള്‍ അയാള്‍ ഭ്രാന്ത് പിടിച്ചതുപോലെ നടക്കുകയായിരുന്നെന്നും ശ്രേയ ഘോഷാല്‍ പറയുന്നു. ഫോക്കിഷ് സ്‌റ്റൈലിലാണ് അമീറിന് ആ പാട്ട് വേണ്ടതെന്നും എന്നാല്‍ അത് തമിഴ് ഫോക്ക് സ്‌റ്റൈലാണെന്ന് മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തെന്നും ശ്രേയ ഘോഷാല്‍ കൂട്ടിച്ചേര്‍ത്തു.

ഒരുപാട് ടേക്കിനും ബ്രേക്കിനും ശേഷമാണ് ശരിയായതെന്നും ഒരു ഘട്ടത്തില്‍ താന്‍ കരഞ്ഞെന്നും ശ്രേയ പറഞ്ഞു. തന്നെ വിട്ടേക്കൂ എന്ന് വരെ സംവിധായകനോട് ആവശ്യപ്പെട്ടെന്നും ശ്രേയ ഘോഷാല്‍ പറഞ്ഞു. ഗലാട്ടാ മീഡിയയോട് സംസാരിക്കുകയായിരുന്നു ശ്രേയ ഘോഷാല്‍.

‘പരുത്തിവീരനിലെ അയ്യയ്യോ എന്ന പാട്ടിന്റെ റെക്കോഡിങ് ഒരിക്കലും മറക്കില്ല. അതുപോലെ സ്‌ട്രെയിന്‍ എടുത്ത പാട്ട് വേറെയില്ല. യുവന്‍ ശങ്കര്‍ രാജയായിരുന്നു അതിന്റെ മ്യൂസിക്. ഞാനാണെങ്കില്‍ വലിയൊരു യാത്ര കഴിഞ്ഞിട്ടാണ് ചെന്നൈയില്‍ എത്തിയത്. സ്റ്റുഡിയോയില്‍ ചെന്ന് കയറിയപ്പോള്‍ തന്നെ യുവന്‍ ഭ്രാന്ത് പിടിച്ചതുപോലെ നടക്കുകയായിരുന്നു.

റെക്കോഡിങ്ങിന്റെ സമയത്ത് എത്രതവണ പാടിയിട്ടും ഡയറക്ടര്‍ക്ക് ഓക്കെയായില്ല. അദ്ദേഹത്തിന് ഇംഗ്ലീഷും ഹിന്ദിയും അത്ര വശമില്ല. അറിയാവുന്ന ഭാഷയില്‍ എന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് എനിക്ക് മനസിലായില്ല. പുള്ളിക്ക് വേണ്ടിയിരുന്നത് തമിഴ് ഫോക്കിഷ് ശൈലിയായിരുന്നു.

അത് കുറേതവണ നോക്കിയിട്ടും ശരിയായില്ല. ഒരുപാട് ബ്രേക്കും ടേക്കും എടുത്തിട്ടും കറക്ട് സ്റ്റൈല്‍ കിട്ടിയില്ല. ‘എന്നെ വിട്ടേക്കൂ സാര്‍, പ്ലീസ്’ എന്ന് ഞാന്‍ റെക്കോഡിങ് റൂമില്‍ നിന്ന് സംവിധായകനോട് കരഞ്ഞ് അപേക്ഷിച്ചു. അന്ന് അമ്മയും റെക്കോഡിങ്ങിന് വന്നിട്ടുണ്ടായിരുന്നു. ആ പാട്ട് ഒരിക്കലും മറക്കില്ല,’ ശ്രേയ ഘോഷാല്‍ പറയുന്നു.

Content Highlight: Shreya Ghoshal shares the recording experience of Paruthiveeran movie

We use cookies to give you the best possible experience. Learn more