ആവശ്യത്തിന് ലാബ് ജീവനക്കാരില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജ് പതിനാറാം ലാബില്‍ രോഗികള്‍ വലയുന്നു
Health
ആവശ്യത്തിന് ലാബ് ജീവനക്കാരില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജ് പതിനാറാം ലാബില്‍ രോഗികള്‍ വലയുന്നു
ശരണ്യ എം ചാരു
Wednesday, 31st October 2018, 2:08 pm

കോഴിക്കോട്: കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ രോഗികള്‍ ഏറ്റവും കൂടതല്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാറാം ലാബില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ രോഗികളും കൂട്ടിരിപ്പുകാരും വലയുന്നു.

“അമ്മയും കുഞ്ഞും” വാര്‍ഡിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ലാബിലെ ജീവനക്കാരുടെ എണ്ണക്കുറവ് രോഗികളെ കുറച്ചൊന്നുമല്ല പ്രതിരോധത്തില്‍ ആക്കുന്നത്. മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതും, കൃത്യസമയത്ത് പരിശോധനാ ഫലങ്ങള്‍ ലഭിക്കാതിരിക്കയും ചെയ്യുന്ന അവസ്ഥ രോഗികള്‍ക്ക് ശീലമായി കഴിഞ്ഞു.

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എത്തുന്ന രോഗികള്‍ മുതല്‍ പ്രസവത്തിന് അടിയന്തിര ഓപ്പറേഷന്‍ ആവശ്യമായ അമ്മമാര്‍ വരെ നിലവില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ ലാബിനെ ആണ്. മണിക്കൂറുകളോളും വൈകി ലഭിക്കുന്ന പരിശോധനാ ഫലങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ രോഗികള്‍ക്ക് ജീവന്‍ പോലും നഷ്ടമാകുന്ന അവസ്ഥ ഉണ്ടായേക്കാം എന്ന് രോഗികളില്‍ ഒരാള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


എനിക്ക് പേടിയുണ്ട്, ഇന്ന് അശുഭകരമായി എന്തെങ്കിലും സംഭവിച്ചേക്കാം; റിസര്‍വ് ബാങ്കിനെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരണവുമായി ചിദംബരം


പ്രസവ കേസുകളില്‍ മറ്റും പെട്ടെന്നായിരിക്കും ആശുപത്രിയില്‍ നിന്നും സാമ്പിളുകള്‍ കിട്ടുന്നതും റിസള്‍ട്ട് എത്രയും പെട്ടെന്ന് വേണം എന്ന് പറയുന്നതും. ഈ സമയത്ത് പോലും രോഗികളുടെ ജീവന്‍പണയം വച്ചുള്ള സാഹസികതയ്ക്ക് കൂട്ടിരിപ്പുകാര്‍ തയ്യാറാകേണ്ടിവരുന്നു. സാധാരണക്കാരായ രോഗികള്‍ ആണ് മെഡിക്കല്‍ കോളേജുകളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് എന്നത് കൊണ്ട് തന്നെ പുറമെയുള്ള ലാബുകളില്‍ പരിശോധന നടത്താനുള്ള സാമ്പത്തിക ഭാരം പലര്‍ക്കും താങ്ങാവുന്നതിലും അധികമാണ്.

പകല്‍ സമയങ്ങളില്‍ മൂന്നില്‍ അധികം ജീവനക്കാര്‍ ഉണ്ടാകുമെങ്കിലും ഇത്രയും വലിയ തിരക്ക് നിയന്ത്രിക്കാനോ കൃത്യ സമയത്ത് പരിശോധനാ ഫലം രോഗികളില്‍ എത്തിക്കാനോ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു.

രാത്രി സമയങ്ങളില്‍ മിക്കവാറും ഒരൊറ്റ ജീവനക്കാരിയാണ് ലാബിലെ എല്ലാ ജോലികളും ചെയ്യേണ്ടി വരുന്നത്. പരിശോധന നടത്തേണ്ടത് മുതല്‍ ഫലം നല്‍കുന്നത് വരെയുള്ള സകല ജോലികളും ഒരാള്‍ ചെയ്യേണ്ടിവരുന്നു.

പരിശോധനാ ഫലം ഇത്ര സമയത്ത് കിട്ടും എന്ന് ആദ്യം തന്നെ അറിയിക്കാറുണ്ട്. എന്നാല്‍ ജീവനക്കാരുടെ അപര്യാപ്തത കാരണം പലപ്പോഴും ഇത് കൃത്യ സമയത്ത് നല്‍കാന്‍ ജീവനക്കാര്‍ക്ക് സാധിക്കാറില്ല. നിയമിക്കപ്പെട്ട ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യാത്തതല്ല ഇതിന് കാരണം. ഇത്രയും അതികം രോഗികള്‍ ആശ്രയിക്കുന്ന ലാബില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് ഏറ്റവും അടിസ്ഥാന പരമായ ഇവിടത്തെ പ്രശ്നം.

നിലവില്‍ മെഡിക്കല്‍ കോളേജ് ലാബുകളില്‍ ട്രെയിനി, താത്ക്കാലിക നിയമനം, സ്ഥിര നിയമനം എന്നീ തലത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. എന്നാല്‍ ഇവിടെ മാത്രം രോഗികളുടെ എണ്ണത്തിന് ആനുപാതികമായുള്ള നിയമനം ഉണ്ടാകുന്നില്ല.


Also Read റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തുറന്നപോരിലേക്ക്; ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു


ഇത് ജീവനക്കാരുടെ ജോലിഭാരം എത്രയോ മടങ്ങ് കൂടുതലാക്കുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ നിരന്തരം ഇവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ കൂടി ഇത് വരെ ഈ വിഷയത്തില്‍ രോഗികള്‍ക്കോ നിലവിലെ ജീവനക്കാര്‍ക്കോ അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.

രോഗികള്‍ക്കൊപ്പം എത്തുന്ന കൂട്ടിരിപ്പുകാരും ബന്ധുക്കളും പലപ്പോഴായി ഈ വിഷയത്തിന്റെ പേരില്‍ ലാബിന് മുന്നില്‍ പ്രശ്നങ്ങളും വാക്കേറ്റവും ഉണ്ടാക്കുന്നത് പതിവാണ് എന്ന് സെക്യൂരിട്ടി ജീവനക്കാരന്‍ പറയുന്നു.

സൂപ്രഡന്റിന് പരാതിനല്‍കുമെന്നും ഇത് വലിയ വിഷയമാക്കുമെന്നും അവരെല്ലാം പറയുമെങ്കിലും പിന്നീട് ഈ വിഷയത്തിലൊന്നിലും അവരിലാരും പിന്നീട് ഇടപെട്ടുകണ്ടിട്ടില്ല. ചികിത്സയില്‍ ഉള്ള രോഗിയെ കുറിച്ചോര്‍ത്തിട്ടോ, പ്രശ്നങ്ങളെ നേരിടാന്‍ ഉള്ള പ്രയാസം കൊണ്ടോ ആവാം പിന്നീട് എല്ലാവരും ഇത് സഹിക്കുന്നത്- സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.