എന്ത് ഭംഗിയുള്ള സ്ഥലമായിരുന്നു; മലങ്കര ജലാശയത്തിന്റെ പരിസരം വൃത്തികേടാക്കി ടൊവിനോയുടെ പള്ളിച്ചട്ടമ്പി ഷൂട്ടിങ്ങ്
Malayalam Cinema
എന്ത് ഭംഗിയുള്ള സ്ഥലമായിരുന്നു; മലങ്കര ജലാശയത്തിന്റെ പരിസരം വൃത്തികേടാക്കി ടൊവിനോയുടെ പള്ളിച്ചട്ടമ്പി ഷൂട്ടിങ്ങ്
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 25th January 2026, 10:57 pm

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ഏപ്രില്‍ 9 ന് തിയേറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് പള്ളിച്ചട്ടമ്പി. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ റിലീസാകുന്ന ചി്ത്രത്തിന്റെ അപ്‌ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സിനിമാ ആരാധകരില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും പ്രതിക്കൂട്ടിലാക്കി കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

Photo: Rahul/ Facebook.com

 

ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ പഞ്ചായത്തിലെ മലങ്കര ജലാശയത്തിന്റെ തീരമാണ് പള്ളിച്ചട്ടമ്പിയുടെ ഷൂട്ടിനായി ഉപയോഗിച്ചത്. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയായതിന് ശേഷം സെറ്റ് നിര്‍മിക്കാനുപയോഗിച്ച ആസ്‌ബെറ്റോസ്, സിമന്റ്, തെര്‍മോക്കോള്‍, ജിപ്‌സം, പ്ലാസ്റ്റിക്ക് തുടങ്ങിയവ സ്ഥലത്ത് തന്നെ ഉപക്ഷേിച്ച് അണിയറപ്രവര്‍ത്തകര്‍ കടന്നുകളയുകയായിരുന്നു.

പ്ലാസ്റ്റിക്കും തെര്‍മോക്കോളും കൂട്ടിയിട്ട് കത്തിച്ച മാലിന്യം കുടിവെള്ള സ്രോതസ്സായ മലങ്കര ജലാശയത്തില്‍ കലര്‍ന്നതോടെ പ്രദേശവാസികളും വലിയ രീതിയില്‍ ദുരിതത്തിലായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിന് മുമ്പും ശേഷവുമുള്ള ലൊക്കേഷന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും ഇതിനോടകം വലിയ രീതിയില്‍ വൈറലായിട്ടുണ്ട്. മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷന്‍ എന്നറിയപ്പെടുന്ന സ്ഥലമാണ് കുടയത്തൂര്‍.

പ്രതിഷേധമുയര്‍ന്നതോടെ പഞ്ചായത്ത് അധികൃതര്‍ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്നും അന്‍പതിനായിരം രൂപയുടെ പിഴ ഈടാക്കിയിട്ടുണ്ട്. ഷൂട്ടിങ്ങിന് ശേഷം സ്ഥലം വൃത്തിയാക്കാന്‍ കരാര്‍ നല്‍കിയവര്‍ വീഴ്ച്ച വരുത്തിയതാണെന്നാണ് നിര്‍മാതാക്കളുടെ വാദം. നടപടി സ്വീകരിച്ചതോടെ ജെ.സി.ബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Photo: CNBC TV 18

വേള്‍ഡ് വൈഡ് ഫിലിംസിന്റെയും സീക്യൂബ് ബ്രോസിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കയാദു ലോഹാര്‍, വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിന്‍രെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബുവാണ്.

Content Highlight: shooting location in kudayathoor Idukki got polluted by pallichattambi movie shooting starring Tovino

 

 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.