ഒരു വര്‍ഷം കൊണ്ട് ബുംറയുടെ വെടി തീരും എന്ന് അയാള്‍ അന്നേ പറഞ്ഞതാ; സൂപ്പര്‍താരം പുറത്തായതിന് ശേഷം പാക് ഇതിഹാസത്തിന്റെ വാക്കുകള്‍ വൈറല്‍
Cricket
ഒരു വര്‍ഷം കൊണ്ട് ബുംറയുടെ വെടി തീരും എന്ന് അയാള്‍ അന്നേ പറഞ്ഞതാ; സൂപ്പര്‍താരം പുറത്തായതിന് ശേഷം പാക് ഇതിഹാസത്തിന്റെ വാക്കുകള്‍ വൈറല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th September 2022, 8:05 am

ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറക്ക് പരിക്ക് കാരണം ലോകകപ്പിന് കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാതെ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടി-20 മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ടീമിനെ തേടി നിര്‍ഭാഗ്യകരമായ വാര്‍ത്ത വന്നത്.

പുറം വേദനയെ തുടര്‍ന്നാണ് താരത്തിന് മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ പരിശീലനത്തിനിടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.

ഇതോടെ ആദ്യ ടി-20യില്‍ ബുംറക്ക് കളിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നും അസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന രണ്ടാം ടി-20യില്‍ താരം കളിക്കുമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വന്നത്.

നിലവില്‍ ബുംറക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒക്ടോബര്‍ അവസാനം നടക്കുന്ന ലോകകപ്പ് താരത്തിന് ഇതോടെ നഷ്ടമാവും.

ഓപ്പണിങ് സ്പെല്ലിലും ഡെത്ത് സ്പെല്ലിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന ബുംറക്ക് പകരം ആളെ കണ്ടെത്തുക എന്നുള്ളത് ചെറിയ കാര്യമല്ല. ടൈറ്റ് മത്സരങ്ങളെ ഒറ്റ ഓവറില്‍ തിരിച്ചുവിടാന്‍ സാധിക്കുന്ന താരമാണ് ബുംറ.

ബുംറയുടെ പരിക്കിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പാകിസ്ഥാന്‍ സൂപ്പര്‍താരം ഷോയ്ബ് മാലിക്കിന്റെ വാക്കുകളാണ്. ബുംറയുടെ ആക്ഷന്‍ പരിക്കിന് ഏറെ സാധ്യതയുള്ളതാണെന്നും അദ്ദേഹത്തിന് എല്ലാ കാലവും പരിക്കില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കില്ലെന്നുമാണ് അക്തര്‍ പറഞ്ഞത്.

ബുംറക്ക് പ്രോപര്‍ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് നല്‍കണമെന്നും ഷെയ്ന്‍ ബോണ്ട് എന്നിവരെ പോലെയാണ് അദ്ദേഹമെന്നും അക്തര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് സ്‌പോര്‍ട്‌സ് ടക്കിനോട് സംസാസിരിക്കുകയായിരുന്നു അദ്ദേഹം.

‘ബുംറക്ക് ഒരു പ്രത്യേക ആക്ഷനുണ്ട്, അവന്‍ പുറകിലും തോളിലും സ്ട്രസ് കൊടുത്ത് വേഗതയില്‍ ബൗള്‍ ചെയ്യുന്നു. പുറം ഭാഗം ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് പരിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.

‘ഇയാന്‍ ബിഷോപ്പും ഷെയ്ന്‍ ബോണ്ടും ഇങ്ങനെയായിരുന്നു. അവര്‍ കരിയറില്‍ ഉടനീളം പരിക്കുകളോട് മല്ലിട്ടു. ബുംറയ്ക്ക് ശരിയായ രീതിയില്‍ ജോലിഭാരം കൈകാര്യം ചെയ്യേണ്ടതുണ്ട്. എല്ലാ മത്സരങ്ങളിലും നിങ്ങള്‍ അവനെ കളിപ്പിച്ചാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ തകരും. മൂന്ന് മത്സരങ്ങളില്‍ അവനെ കളിപ്പിക്കുക, അടുത്ത രണ്ട് മത്സരങ്ങളില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കുക. കുറേകാലം നിലനില്‍ക്കണമെങ്കില്‍ ബുംറയ്ക്ക് ഈ ഒരു കാര്യം കൈകാര്യം ചെയ്യേണ്ടിവരും,’ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ബുംറയുടെ ആക്ഷന് പരിക്കിന്റെ പിടിയിലാകാനുള്ള സാധ്യത അദ്ദേഹം ക്രിക്കറ്റില്‍ സജീവമായപ്പോള്‍ മുതല്‍ ഉണ്ടാകുന്ന ചര്‍ച്ചയാണ്. എന്നാല്‍ അദ്ദേഹത്തിന് പ്രോപര്‍ റെസ്റ്റ് നല്‍കാന് മാനേജ്‌മെന്റ് ശ്രമിക്കാറുണ്ട്.

Content Highlight: Shoib Akthar Word about Bumrah is Getting Viral