സെമി ഫൈനലടക്കം നിങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്: ഷൊയ്ബ് അക്തര്‍
Sports News
സെമി ഫൈനലടക്കം നിങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്: ഷൊയ്ബ് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th February 2025, 11:23 am

ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്താനും സെമി ഫൈനല്‍ ഉറപ്പിക്കാനുമാണ് രണ്ട് ടീമിനുമുള്ള അവസരം.

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിലവില്‍ വമ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചാണ് അഫ്ഗാനിസ്ഥാന്‍ മുന്നേറുന്നത്. ഇതേ സ്റ്റേഡിയത്തില്‍ കരുത്തന്മാരായ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാന്‍ നേടിയ 325 റണ്‍സ് മറികടക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ലായിരുന്നു. ഇബ്രാഹിം സദ്രാന്റെ 177 റണ്‍സിന്റെ വമ്പന്‍ പിന്‍ബലവും അസ്മത്തുള്ള ഉമര്‍സായിയുടെ ഫൈഫര്‍ പ്രകടനവും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു.

ഇതോടെ അഫ്ഗാനിസ്ഥാന് ടീമിന് പിന്തുണ നല്‍കി സംസാരിക്കുകയാണ് പാകിസ്ഥാന്റെ ഇതിഹാസ പേസര്‍ ഷൊയ്ബ് അക്തര്‍. കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകത്ത് യഥാര്‍ത്ഥ വളര്‍ച്ച കാണിച്ചെന്നും സെമി ഫൈനലില്‍ യോഗ്യത നേടാന്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തണെമന്നും അക്തര്‍ ആശംസിച്ചു. തന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു മുന്‍ പേസര്‍.

‘ഇന്ന് നിങ്ങള്‍ അഫ്ഗാനിസ്ഥാന്റെ അഭിമാനം ഉയര്‍ത്തി. നിങ്ങള്‍ യഥാര്‍ത്ഥ വളര്‍ച്ച കാണിച്ചു, ഇപ്പോള്‍ ക്രിക്കറ്റ് കളി എന്താണെന്ന് നിങ്ങള്‍ക്ക് മനസിലായി. മുന്‍നിര ടീമുകളില്‍ ഒന്നിനെ നിങ്ങള്‍ പരാജയപ്പെടുത്തി. ഈ നിമിഷം ആസ്വദിക്കൂ, പക്ഷേ ഓര്‍ക്കുക, ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല, സെമി ഫൈനലടക്കം നിങ്ങള്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളികളുണ്ട്,’ അക്തര്‍ പറഞ്ഞു.

Content Highlight: Shoib Aktar Talking About Afghanistan Team