| Tuesday, 18th March 2025, 10:40 am

ഞാന്‍ പേടിച്ചാണ് നൃത്തം ചെയ്യുന്നത്; ആ പേടി എപ്പോഴും ഉള്ളിലുണ്ട്: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ശോഭന. പതിനാലാം വയസില്‍ സിനിമയില്‍ അരങ്ങേറിയ താരം നീണ്ട നാല്പത് വര്‍ഷത്തോളമായി സിനിമയില്‍ സ്ഥിര സാന്നിധ്യമാണ്. സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത ശോഭനയുടെ മടങ്ങിവരവായിരുന്നു 2020 ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലും നായിക ശോഭനയാണ്.

അഭിനയത്തോടൊപ്പം തന്നെ മികച്ച നര്‍ത്തകികൂടിയാണ് ശോഭന. നൃത്തത്തോടും അഭിനയത്തോടുമുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് ശോഭന. താന്‍ പേടിച്ചാണ് നൃത്തം ചെയ്യുന്നതെന്നും കാണികളെ സന്തോഷിപ്പിക്കാനും ആനന്ദിപ്പിക്കാനും പറ്റുമോ എന്ന പേടി ഇപ്പോഴും ഉള്ളിലുണ്ടെന്നും ശോഭന പറയുന്നു.

സിനിമാ അഭിനയമാണ് എന്റെ റിലാക്‌സേഷന്‍, അവിടെ ടെന്‍ഷനില്ല – ശോഭന

സിനിമാ അഭിനയം തന്റെ റിലാക്‌സേഷന്‍ ആണെന്നും അവിടെ ടെന്‍ഷനില്ലെന്നും ശോഭന പറഞ്ഞു. നൃത്തമാണ് തനിക്കെല്ലാമെന്നും സിനിമയില്‍ യാദ്യച്ഛികമായി എത്തിയതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പേടിച്ചാണ് നൃത്തം ചെയ്യുന്നത്. ഇത്രയും കാണികള്‍ പൈസ മുടക്കി വന്നിരിക്കുന്നു. അവരെ സന്തോഷിപ്പിക്കാനും ആനന്ദിപ്പിക്കാനും പറ്റുമോ എന്ന പേടി എപ്പോഴും ഉള്ളിലുണ്ട്. സിനിമാ അഭിനയമാണ് എന്റെ റിലാക്‌സേഷന്‍, അവിടെ ടെന്‍ഷനില്ല.

സിനിമയില്‍ യാദ്യച്ഛികമായി എത്തിയതാണ്. കുറച്ചധികസമയം അവിടെ തങ്ങിനിന്നുവെന്ന് മാത്രം

സിനിമയില്‍ സംവിധായകരുടേതാണ് എല്ലാ ഉത്തരവാദിത്തവും. ഇപ്പോഴത്തെ സിനിമയിലെ പല പുതിയ ടെക്‌നോളജികളും രീതികളും എനിക്ക് കൃത്യമായി മനസിലാവുന്നില്ല, അത് കുറച്ചു പ്രശ്‌നമാണ്. നൃത്തമാണ് എനിക്കെല്ലാം. സിനിമയില്‍ യാദ്യച്ഛികമായി എത്തിയതാണ്. കുറച്ചധികസമയം അവിടെ തങ്ങിനിന്നുവെന്ന് മാത്രം.

നൃത്തമാണ് എനിക്കെല്ലാം

ഇപ്പോള്‍ സിനിമ ഒരരികിലേക്ക് മാറ്റി വച്ചു നൃത്തത്തിന് കൂടുതല്‍ സമയം നല്‍കുന്നു. നൃത്തത്തില്‍ ഭക്തിയും വാത്സല്യവുമാണ് കൂടുതല്‍ ഇഷ്ടമുള്ള ഭാവങ്ങള്‍. ഭരതനാട്യമാണ് സ്ഥിരമായി ചെയ്യുന്നതെങ്കിലും മോഹിനിയാട്ടമാണ് ഏറ്റവുമിഷ്ടം. പഠിച്ചിട്ടില്ലെങ്കിലും ആടാനറിയാം. വളരെ ബുദ്ധിമുട്ടാണ് അത്,’ ശോഭന പറയുന്നു.

Content highlight: Shobhana talks about her passion for dance

We use cookies to give you the best possible experience. Learn more