| Tuesday, 10th June 2025, 12:55 pm

അന്നുമുതൽ ഇന്നുവരെ ഞാൻ പ്രവർത്തിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും എളിമയുള്ള കലാകാരൻ തന്നെയാണ് ആ സൂപ്പർസ്റ്റാർ: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമിതാഭ് ബച്ചനെ കുറിച്ച് സംസാരിക്കുകയാണ് ശോഭന. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൊരു ഗാനരംഗത്ത് അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ചിരുന്നുവെന്നും അഹമ്മദാബാദില്‍ ആയിരുന്നു ഷൂട്ട് നടന്നതെന്നും ശോഭന പറയുന്നു. ഷൂട്ടിങ് കാണാനായി ഒരുപാട് ആളുകള്‍ വന്നതുകൊണ്ടുതന്നെ തന്നെ ഡ്രസ്സ് മാറാനായി ഒരു കാരവന്‍ ചോദിച്ചുവെന്നും അപ്പോള്‍ സെറ്റിലുള്ള ഒരാള്‍ ‘മലയാള സിനിമയില്‍ നിന്നുള്ള നടിയല്ലേ, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്. ഏതെങ്കിലും മരത്തിന്റെ മറവില്‍ ചെന്ന് വസ്ത്രം മാറാന്‍ പറയൂ’ എന്ന് പറഞ്ഞെന്നും ശോഭന പറഞ്ഞു.

അത് കേട്ട അമിതാഭ് ബച്ചന്‍ തന്നെ അദ്ദേഹത്തിന്റെ കാരവനിലേക്ക് ക്ഷണിച്ചെന്നും അവിടെ നിന്ന് വസ്ത്രം മാറാന്‍ പറഞ്ഞ ശേഷം കാരവാനില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തുവെന്നും നടി കൂട്ടിച്ചേര്‍ത്തു. അന്നുമുതല്‍ ഇന്നുവരെ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും എളിമയുള്ള കലാകാരന്‍ തന്നെയാണ് ബച്ചനെന്നും ശോഭന വ്യക്തമാക്കി. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ നടന്ന ഒരു ലൈവ് സെഷനില്‍ സംസാരിക്കുകയായിരുന്നു ശോഭന.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിനൊപ്പം ഞാന്‍ ചെറിയ ഒരു ഗാനരംഗത്ത് അമിതാഭ് ബച്ചന്റെ കൂടെ അഭിനയിച്ചിരുന്നു.
അഹമ്മദാബാദില്‍ ആണ് ഷൂട്ടിങ് നടക്കുന്നത്. പാട്ട് രംഗമാണ്, ഒരുപാട് കോസ്റ്റ്യൂം മാറി മാറി ധരിക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ് കാണാനായി ഒരുപാട് ആളുകളും ചുറ്റും കൂടിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ എന്റെ കാരവാന്‍ എവിടെ എന്ന് ഞാന്‍ ചോദിച്ചു. അന്ന് കാരവാന്‍ സൗകര്യങ്ങള്‍ ഒന്നും കോമണല്ല. ബച്ചന്‍ സാറിന് കാരവാന്‍ ഉണ്ടായിരുന്നു. അപ്പോള്‍ പ്രൊഡക്ഷനില്‍ ഉണ്ടായിരുന്ന ആരോ ഒരാള്‍ പറഞ്ഞു, ‘ആഹാ അവര്‍ മലയാള സിനിമയില്‍ നിന്നുള്ള നടിയല്ലേ, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്. ഏതെങ്കിലും മരത്തിന്റെ മറവില്‍ ചെന്ന് വസ്ത്രം മാറാന്‍ പറയൂ’ എന്ന്.

ഇത് വാക്കി ടോക്കിയിലൂടെ കേട്ട ബച്ചന്‍ സര്‍ ഉടനെ പുറത്തു വന്നിട്ട്, ‘ആരാണ് അങ്ങനെ പറഞ്ഞത്’ എന്ന് ചോദിച്ചു. അതിനുശേഷം അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ക്ഷണിക്കുകയും അവിടെ നിന്ന് വസ്ത്രം മാറാന്‍ പറയുകയും ചെയ്തു. എനിക്ക് വേണ്ടി അദ്ദേഹം കാരവാനില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.

അത്രയും കൂടെ ജോലി ചെയ്യുന്നവരെ പരിഗണിക്കുന്ന സൂപ്പര്‍സ്റ്റാറാണ് അമിതാഭ് ബച്ചന്‍. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും എളിമയുള്ള കലാകാരന്‍ തന്നെയാണ് ബച്ചന്‍ സാര്‍,’ ശോഭന പറയുന്നു.

Content Highlight: Shobhana Talks About Amithabh Bachan

++

We use cookies to give you the best possible experience. Learn more