ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.
പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കിയിരുന്നു.
തുടരും എന്ന സിനിമയാണ് ഉടനെ റിലീസ് ആവാനുള്ള ശോഭനയുടെ സിനിമ. മോഹൻലാൽ നായകനാവുന്ന സിനിമ ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ്. മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ മികച്ച സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും.
പുതിയ സംവിധായകരോടൊപ്പം മോഹൻലാൽ സിനിമ ചെയ്യുന്നില്ലെന്ന് വിമർശനം ഉയരുന്നതിനിടയിലാണ് തരുൺ മൂർത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്. ജനുവരി മുപ്പതിന് സിനിമ റിലീസ് ആവുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ചില കാരണങ്ങളാൽ സിനിമയുടെ റിലീസ് മാറ്റിയിരുന്നു.
സിനിമയുടെ പോസ്റ്ററുകൾ അല്ലാതെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ തുടരും ഒരു ഗംഭീര സിനിമയായിരിക്കുമെന്ന് പറയുകയാണ് ശോഭന. സിനിമയുടെ ഡബ്ബിങ് കഴിഞ്ഞെന്നും അതൊരു ഗംഭീര സിനിമയായിരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ശോഭന പറയുന്നു. കഴിഞ്ഞ വർഷം റീ റിലീസായ എവർഗ്രീൻ സിനിമ മണിച്ചിത്രത്താഴിനെ കുറിച്ചും ശോഭന സംസാരിച്ചു.
‘ആ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു. കാരണം ഞാൻ ഷൂട്ടിന്റെ ടെൻഷനിൽ ആയിരുന്നു. അന്ന് നമുക്കൊന്നും പ്രവചിക്കാൻ കഴിയില്ലല്ലോ. ഞാൻ അതിന്റെ ഡബ്ബിങ് ചെയ്തു കഴിഞ്ഞു. എനിക്ക് തോന്നുന്നത് അതൊരു ഗംഭീര സിനിമയായിരിക്കും എന്നാണ്.
എനിക്ക് അങ്ങനെയാണ് തോന്നുന്നത്. തുടരും എന്നാണ് റിലീസ് ചെയ്യുകയെന്നതൊക്കെ അവരാണ് തീരുമാനിക്കുന്നത്. മണിച്ചിത്രത്താഴ് റീ റിലീസായപ്പോൾ ഞാൻ കണ്ടു. അതൊരു മികച്ച അനുഭവമായിരുന്നു. അത് വീണ്ടും തിയേറ്ററിൽ കണ്ടപ്പോൾ ഞാൻ നല്ല ത്രില്ലിൽ ആയിരുന്നു,’ശോഭന പറയുന്നു.
Content Highlight: Shobhana About Thudarum Movie