| Thursday, 5th June 2025, 9:25 pm

ഇതുവരെ എന്റെ ഒരു പടവും കാണാത്തവര്‍ക്ക് ഞാന്‍ റെക്കമെന്റ് ചെയ്യുക ആ മൂന്ന് സിനിമകള്‍: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശോഭന. അഭിനയത്തിന് പുറമെ മികച്ച ഒരു ഭരതനാട്യ നര്‍ത്തകി കൂടിയാണ് ഇവര്‍. മലയാള സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ശോഭനയ്ക്ക് സാധിച്ചിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാനും ശോഭനക്ക് കഴിഞ്ഞു. ഇപ്പോള്‍ ശോഭന നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തുടരും.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ജോടിയായി ശോഭന അഭിനയിച്ച സിനിമയാണ് ഇത്. ഇപ്പോള്‍ തന്റെ ഒരു സിനിമയും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് ഏതൊക്കെ സിനിമകളാകും റെക്കമെന്റ് ചെയ്യുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ശോഭന. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ബാലതാരമായി എത്തിയ മംഗള നായഗി എന്ന സിനിമയാകും ഒന്ന്. പിന്നെ പുതിയ ചിത്രമായ തുടരും. എനിക്ക് ഒരുപാട് മികച്ച തെലുങ്ക് സിനിമകള്‍ എന്റെ കരിയറില്‍ ലഭിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്ന് ഹലോ ഡാര്‍ലിങ് സിനിമയും ഞാന്‍ റെക്കമെന്റ് ചെയ്യും,’ ശോഭന പറയുന്നു.

പണ്ട് ഒരു വര്‍ഷം 22 സിനിമകളിലൊക്കെ താന്‍ അഭിനയിച്ചിരുന്നുവെന്നും നടി അഭിമുഖത്തില്‍ പറയുന്നു. ഇപ്പോള്‍ സാങ്കേതികത കൂടിയത് കൊണ്ട് ഒരു സിനിമയെടുക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നും മുമ്പ് പ്രധാനമായും നോക്കേണ്ടിയിരുന്നത് ഇമോഷന്‍സും സ്‌ക്രിപ്റ്റുമായിരുന്നുവെന്നും ശോഭന പറഞ്ഞു.

പണ്ട് സംവിധായകനും സ്‌ക്രിപ്റ്റുമായിരുന്നു സിനിമയിലെ ഹീറോയെന്നും അതിനുശേഷമാണ് അഭിനേതാക്കളും മറ്റുള്ളവരുമൊക്കെ വരുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. അത് സത്യത്തില്‍ മലയാള സിനിമയുടെ ഗോള്‍ഡന്‍ പിരീഡായിരുന്നുവെന്നും ശോഭന പറയുന്നു.


Content Highlight: Shobana Talks About Her 3 Films

We use cookies to give you the best possible experience. Learn more