മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികനടിമാരില്‍ ഒരാളാണ് ശോഭന. അഭിനയത്തിന് പുറമെ ഡാന്‍സിലും തന്റെ കഴിവ് തെളിയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. മലയാള സിനിമക്ക് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കാന്‍ നടിക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ താന്‍ നെടുമുടി വേണു, തിലകന്‍, കെ.പി.എ.സി ലളിത, സുകുമാരി തുടങ്ങിയവരെയൊക്കെ മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് ശോഭന. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘മുമ്പ് കൂടെ ഉണ്ടായിരുന്ന കുറേ ആര്‍ട്ടിസ്റ്റുകള്‍ ഇന്ന് കൂടെയില്ല. അന്നത്തെ കാലത്തെ മിസ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാല്‍, ഉണ്ടെന്നാണ് എന്റെ മറുപടി. മലയാള സിനിമയിലെ ആളുകള്‍ അന്നും ഇന്നും ഒരു ഫാമിലി പോലെ തന്നെയാണ്.
അപ്പോള്‍ ഒരു കുടുംബം പോലെ നിന്ന് ഇവരില്‍ പലരും എന്നെ മോളേ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ ആണെങ്കില്‍ എന്നെ ചേച്ചിയെന്ന് വിളിക്കുന്നു. അത് മാത്രമാണ് ഇതുവരെ വന്ന വ്യത്യാസം. എങ്കിലും ഇപ്പോള്‍ നെടുമുടി വേണുചേട്ടന്‍, തിലകന്‍ സാര്‍, കെ.പി.എ.സി ലളിത ചേച്ചി, എന്റെ സ്വന്തം സുകുമാരിയമ്മ തുടങ്ങിയ ആളുകളൊന്നും കൂടെയില്ല.
അവരുടെ നഷ്ടം എനിക്ക് എപ്പോഴും ഫീല് ചെയ്യാറുണ്ട്. അവരൊക്കെ പോയതിന് ശേഷം ഞാന്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ല. ഇവര്‍ ഇല്ലാതെ മൂന്ന് സിനിമകളാണ് ചെയ്തത്. എന്നിട്ടും അവരുടെ നഷ്ടം എനിക്ക് ഫീല് ചെയ്യുന്നുണ്ട്.
പണ്ട് എല്ലാ സെറ്റിലും ഇവര്‍ ആരെങ്കിലുമൊക്കെ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം പുതിയ മുഖങ്ങളാണ്. അതുകൊണ്ട് ഇടയ്ക്ക് ഒറ്റപ്പെട്ടത് പോലെ തോന്നും. മുമ്പ് ‘മോളേ’ എന്നും വിളിച്ച് ആരെങ്കിലുമൊക്കെ കൂടെ ഉണ്ടാകുമായിരുന്നു,’ ശോഭന പറയുന്നു.
Content Highlight: Shobana Says She Misses Some Of Her Co-stars