എം.എസ് ധോണിയെ ചോദ്യം ചെയ്ത് ശുഐബ് അക്തര്‍
Sports News
എം.എസ് ധോണിയെ ചോദ്യം ചെയ്ത് ശുഐബ് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th March 2022, 12:00 pm

ഐ.പി.എല്ലിന് തൊട്ടുമുമ്പ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു എം.എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. മികച്ച ഫോമില്‍ തന്നെ തുടരവെ ധോണിയുടെ ഈ തീരുമാനം ക്രിക്കറ്റ് ആരാധകരുടെയൊന്നാകെ നെറ്റി ചുളിച്ചിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റന്‍സി കൈമാറിയ ശേഷമായിരുന്നു താരം സി.എസ്.കെയുടെ നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങിയത്.

ഇപ്പോഴിതാ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്ത് നിന്നും പടിയിറങ്ങിയ ധോണിയുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ശുഐബ് അക്തര്‍. ധോണി ഇപ്പോള്‍ നായകസ്ഥാനത്ത് നിന്നും ഇറങ്ങേണ്ടിയിരുന്നില്ലെന്നും താരത്തിന്റെ പ്രവര്‍ത്തിയുടെ അര്‍ത്ഥം തനിക്ക് മനസിലാവുന്നില്ല എന്നുമായിരുന്നു അക്തര്‍ പറഞ്ഞത്.

‘ധോണി എന്തിനാണ് ഇപ്പോള്‍ ഇത് ചെയ്തത്? എന്തിനാണെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല. അദ്ദേഹം ഇപ്പോഴും ഐ.പി.എല്ലിലെ ഏറ്റവും മികച്ച കളിക്കാരനാണ്.

ഒരുപക്ഷേ, അദ്ദേഹം മാനസികമായി തളര്‍ന്നിരിക്കാം, ഫ്രീയായി കളിക്കണം എന്ന് തോന്നിയിരിക്കാം. അതുകൊണ്ടായിരിക്കും അദ്ദേഹം ക്യാപ്റ്റന്‍സി ജഡേജയ്ക്ക് കൈമാറിയത്,’ അക്തര്‍ പറയുന്നു.

‘ജഡേജ തീര്‍ച്ചയായും ഒന്നാം തരം താരമാണ്. മത്സരം ജയിക്കുന്നതിനായി അവന്‍ അവന്റെ നൂറ് ശതമാനവും പുറത്തെടുക്കും, എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണിയാകുമ്പോള്‍ നമുക്ക് വിശ്വസിച്ച് നില്‍ക്കാന്‍ സാധിക്കുമായിരുന്നു,’ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

12 സീസണിലാണ് ധോണി ചെന്നൈയെ നയിച്ചത്. 2008ല്‍ ഐ.പി.എല്‍ തുടങ്ങിയതുമുതല്‍ ചെന്നൈയുടെ തല ധോണിയായിരുന്നു. ആദ്യമായാണ് ധോണിയല്ലാതെ മറ്റൊരു താരം ചെന്നൈയെ നയിക്കുന്നത്.

അതേസമയം, ജഡേജ നായകനായുള്ള ചെന്നൈയുടെ ആദ്യ മത്സരം തന്നെ തോല്‍ക്കുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ചെന്നൈയെ തോല്‍പിച്ചത്. മത്സരം തോറ്റെങ്കിലും ധോണിയുടെ പ്രകടനം തന്നെയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.

Content Highlight: Shoaib Akhtar questions the timing of MS Dhoni’s decision to leave CSK captaincy ahead of IPL 2022