| Wednesday, 16th April 2025, 10:48 pm

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇഷ്ടമാണെങ്കിലും മലയാളത്തില്‍ ആ യുവനടന്റെ വലിയ ഫാനാണ് ഞാന്‍, നല്ല പെരുമാറ്റമാണ് അവന്റേത്: ശിവ രാജ്കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡയിലെ മികച്ച താരങ്ങളിലൊരാളാണ് ശിവ രാജ്കുമാര്‍. കന്നഡയിലെ പഴയകാല സൂപ്പര്‍സ്റ്റാര്‍ രാജ്കുമാറിന്റെ മകനാണ് ശിവരാജ് കുമാര്‍. കരുനാട ചക്രവര്‍ത്തി എന്നറിയപ്പെടുന്ന താരം 140ലധികം ചിത്രങ്ങളില്‍ നായകനായി വേഷമിട്ടു. രജിനികാന്ത് നായകനായ ജയിലറിലെ നരസിംഹ എന്ന ചിത്രത്തിലൂടെ കേരളത്തിലും ശിവണ്ണക്ക് ആരാധകരുണ്ടായി.

ഇപ്പോഴിതാ മലയാളത്തിലെ തന്റെ ഇഷ്ടനടനെക്കുറിച്ച് സംസാരിക്കുകയാണ് ശിവ രാജ്കുമാര്‍. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ശിവ രാജ്കുമാര്‍ പറഞ്ഞു. എന്നാല്‍ താന്‍ ദുല്‍ഖര്‍ സല്‍മാന്റെ വലിയ ആരാധകനാണെന്നും പണ്ടുതൊട്ടേ അയാളോടുള്ള ആരാധന ആരംഭിച്ചിട്ടുണ്ടെന്നും ശിവ രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെ ലീല പാലസ് ഹോട്ടലില്‍ വെച്ചാണ് താന്‍ ദുല്‍ഖറിനെ ആദ്യമായി കണ്ടതെന്ന് ശിവ രാജ്കുമാര്‍ പറഞ്ഞു. അന്ന് ദുല്‍ഖറുമായി സംസാരിക്കാന്‍ സാധിച്ചെന്നും വളരെ നല്ല പെരുമാറ്റമായിരുന്നു ദുല്‍ഖറിന്റേതെന്നും ശിവ രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആ ഒരൊറ്റ തവണ മാത്രമാണ് താന്‍ ദുല്‍ഖറിനെ കണ്ടിട്ടുള്ളതെന്നും ശിവ രാജ്കുമാര്‍ പറയുന്നു.

എന്തോ ഒരു ആകര്‍ഷണം ദുല്‍ഖറില്‍ ഉണ്ടെന്നും തന്നോട് അയാള്‍ സംസാരിച്ച രീതി തനിക്ക് വളരെ ഇഷ്ടമായെന്നും ശിവ രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിന്റെ കരിയര്‍ ആരംഭിച്ച സമയത്തായിരുന്നു ഈ സംഭവമെന്നും ഇന്ന് അയാള്‍ വലിയ സ്റ്റാറാണെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു. പുതിയ ചിത്രമായ 45ന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും ഒരുപാട് ഇഷ്ടമാണ്. അവരെ ഇഷ്ടമല്ലാത്ത ആരുമുണ്ടാകില്ലല്ലോ. എന്നാല്‍ ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ വലിയൊരു ആരാധകനാണ്. ഒരൊറ്റ തവണ മാത്രമേ ദുല്‍ഖറിനെ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളൂ. അത് അയാളുടെ കരിയര്‍ ആരംഭിച്ച സമയമായിരുന്നു. എന്തോ ഒരു അട്രാക്ഷന്‍ ദുല്‍ഖറിലുണ്ടെന്ന് അന്നേ തോന്നിയിരുന്നു.

ചെന്നൈയിലെ ലീല പാലസ് ഹോട്ടലില്‍ വെച്ചായിരുന്നു ദുല്‍ഖറിനെ കണ്ടത്. സിനിമയുടെ തിരക്കൊന്നുമില്ലാതെ ഒരു ഹോളിഡേ ആഘോഷിക്കാനായിരുന്നു ഞങ്ങള്‍ രണ്ടും അവിടെയെത്തിയത്. എന്നെ കണ്ടതും ദുല്‍ഖര്‍ ഇങ്ങോട്ട് വന്ന് സംസാരിച്ചു. വളരെ നല്ല പെരുമാറ്റവും സംസാരവുമായിരുന്നു. അതില്‍ തന്നെ ഞാന്‍ അയാളുടെ ആരാധകനായി. അന്ന് ഇത്ര വലിയ സ്റ്റാറല്ലായിരുന്നു. ഇന്ന് വല്ലാതെ വളര്‍ന്നു,’ ശിവ രാജ്കുമാര്‍ പറയുന്നു.

Content Highlight: Shiva Rajkumar saying he is a big fan Dulquer Salmaan

We use cookies to give you the best possible experience. Learn more