| Sunday, 2nd February 2025, 1:38 pm

ഞാൻ കണ്ണ് മിഴിച്ച് നോക്കിയിരുന്നിട്ടുള്ള മമ്മൂട്ടി ചിത്രം അതാണ്: ഷൈൻ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈൻ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായാണ് തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.

പിന്നീട് കമലിന്റെ തന്നെ ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കിറങ്ങിയ ഷൈൻ അധികം വൈകാതെ തന്നെ മലയാളത്തിൽ തിരക്കുള്ള ഒരു നടനായി മാറി. ഇന്ന് അന്യഭാഷകളിലും അഭിനയിക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ.

താൻ സിനിമയിലെത്താൻ വലിയ രീതിയിൽ സ്വാധീനിച്ച കാര്യങ്ങളെ കുറിച്ച് പറയുകയാണ് ഷൈൻ ടോം ചാക്കോ. ചെറുപ്പത്തിൽ താൻ ഏറ്റവും കൂടുതൽ കണ്ടിരുന്നത് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകൾ ആയിരുന്നു എന്നാണ് ഷൈൻ പറയുന്നത്.

എന്നാൽ അന്യഭാഷയിൽ താൻ ഏറ്റവും കൂടുതൽ കണ്ടിരുന്നത് കമൽ ഹാസന്റെ സിനിമകൾ ആയിരുന്നുവെന്നും കമൽ ഹാസൻ അന്ന് കുള്ളനായി അഭിനയിക്കുന്നതെല്ലാം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ടെന്നും ഷൈൻ പറയുന്നു. മമ്മൂട്ടി ചിത്രം അയ്യർ ദി ഗ്രേറ്റ്‌ ചെറുപ്പത്തിൽ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും ഷൈൻ കൂട്ടിച്ചേർത്തു

‘വേറൊരു ഭാഷയിലെ നടൻ എന്ന നിലയിൽ ഞാൻ അന്ന് ശ്രദ്ധിച്ചിരുന്നത് കമൽ ഹാസനെ ആയിരുന്നു. അന്ന് നോക്കുമ്പോൾ അദ്ദേഹം കുള്ളനായിട്ടൊക്കെ അഭിനയിക്കുന്നുണ്ട്. ചെറുപ്പത്തിൽ ഇത്‌ രണ്ടും ഒരാളാണോ എന്ന് അച്ഛനോടും അമ്മയോടും ഞാൻ ചോദിച്ചിട്ടുണ്ട്. അത് നമ്മളെ അതിശയിപ്പിക്കുന്ന കാര്യമാണ്. ഇന്നും അത്ഭുതത്തോടെയാണ് ആളുകൾ ആ സിനിമകളൊക്കെ കാണുന്നത്.

അന്ന് ടെക്നിക്കലായിട്ട് ഇത്രയും വളർന്നിട്ടില്ലല്ലോ. പിന്നെ മമ്മൂക്കയുടെ അയ്യർ ദി ഗ്രേറ്റ്‌ എന്ന സിനിമ എന്നെ ഭയങ്കരമായിട്ട് സ്വാധീനിച്ചിട്ടുണ്ട്.

കാരണം എങ്ങനെയാണ് ഈ സിനിമ ചെയ്തെടുത്തതെന്ന് ടെക്നിക്കലി അറിയില്ലെങ്കിലും വളരെ പ്രത്യേകതയുള്ള സിനിമയായി കണ്ണ് മിഴിച്ച് ഇരുന്നിട്ടുണ്ട്,’ഷൈൻ ടോം ചാക്കോ പറയുന്നു.

Content Highlight: Shine Tom Chakko About Mammooty’s Ayyar The Great Movie

We use cookies to give you the best possible experience. Learn more