| Sunday, 6th July 2025, 8:26 am

ഞാന്‍ നല്ല അഭിനേതാവാണെന്ന് കാണിക്കാന്‍ ആ സംവിധായകന്റെ മുന്നില്‍ വലിയ പ്രകടനങ്ങള്‍ കാണിച്ചു: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈന്‍, കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായാണ് സിനിമ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില് അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. അധികം വൈകാതെ തന്നെ മലയാളത്തില്‍ തിരക്കുള്ള ഒരു നടനായി ഷൈന്‍ മാറി.

ഇപ്പോള്‍ തനിക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കഥാപാത്രങ്ങളെ കുറിച്ചും, തനിക്ക് സിനിമയോടുള്ള ഇഷ്ടത്തെ കുറിച്ചും സംസാരിക്കുകയാണ് ഷൈന്‍ ടോം.

കുറച്ച് ഔട്ട് ഓഫ് ദ് ബോക്സ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്കിഷ്ടമെന്നും ഭീഷ്മപര്‍വം, ഇഷ്‌ക്, കുറുപ്പ് എന്നീ സിനിമകളിലെ കഥാപാത്രങ്ങളൊക്കെ അങ്ങനെയുള്ളവയാണെന്നും ഷൈന്‍ പറയുന്നു. അത് തനിക്ക് എളുപ്പമുള്ള ജോലിയാണെന്നും ഉള്‍വലിഞ്ഞു നില്‍ക്കുന്ന, വികാരങ്ങളൊന്നും പുറത്തു കാണിക്കാത്ത കഥാപാത്രങ്ങള്‍ തനിക്കു ചെയ്യാന്‍ പറ്റുകയില്ലെന്നും അദ്ദേഹം പറയുന്നു.

അഭിനയമാണ് തനിക്ക് ജീവിതമെന്നും 2002ല്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ നമ്മളില്‍ കമലിന്റെ അസിസ്റ്റന്റ്റ് ആയാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നല്ല അഭിനേതാവാണ് എന്ന് കാണിക്കാനായി കമലിന്റെ മുന്നില്‍ വലിയ പ്രകടനങ്ങളൊക്കെ കാണിച്ചിട്ടുണ്ടെന്നും പിന്നീട് 2011ല്‍ ഗദ്ദാമയിലാണ് ആദ്യമായി ക്യാമറയ്ക്ക് പിന്നില്‍ നിന്ന് മുന്നിലേക്ക് വരാന്‍ അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം.

‘കുറച്ച് ഔട്ട് ഓഫ് ദ് ബോക്‌സ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം. ഭീഷ്മപര്‍വം, ഇഷ്‌ക്, കുറുപ്പ് എന്നീ സിനിമകളിലെ കഥാപാത്രങ്ങളൊക്കെ അങ്ങനെയുള്ളവരാണ്. അത് എനിക്ക് എളുപ്പമുള്ള ജോലിയാണ്. ഉള്‍വലിഞ്ഞു നില്‍ക്കുന്ന, വികാരങ്ങളൊന്നും പുറത്തു കാണിക്കാത്ത കഥാപാത്രങ്ങള്‍ എനിക്കു പറ്റുകയില്ല എന്നു തോന്നിയിട്ടുണ്ട്. അഭിനയം ആണ് എനിക്ക് ജീവിതം. 2002ല്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ കമല്‍ സാറിന്റെ അസിസ്റ്റന്റ്‌റ് ആയി സിനിമയിലേക്കു വന്നതാണ്.

നമ്മള്‍ ആയിരുന്നു ആദ്യ സിനിമ. ഇന്നൊരു വേഷം കിട്ടും എന്ന് എല്ലാ ദിവസവും കരുതും. ഞാന്‍ നല്ല അഭിനേതാവാണ് എന്നു കാണിക്കാനായി സാറിന്റെ മുന്നില്‍ വലിയ പ്രകടനങ്ങളൊക്കെ കാണിച്ചിട്ടുണ്ട്. ഒമ്പത് വര്‍ഷത്തിനുശേഷം 2011ല്‍ ഗദ്ദാമയിലാണ് ആദ്യമായി ക്യാമറയ്ക്കു പിന്നില്‍ നിന്ന് മുന്നിലേക്കു വരാന്‍ അവസരം ലഭിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷഫീറാണ് കമല്‍ സാറിനോട് ഷൈന്‍ നാടകത്തിലൊക്കെ അഭിനയിക്കുമെന്നും ഗദ്ദാമയിലെ ആ വേഷം ചെയ്താല്‍ നന്നാകുമെന്നും പറഞ്ഞത്,’ഷൈന്‍ ടോം ചാക്കോ പറയുന്നു.

Content Highlight: Shine Tom Chacko  talks about the characters he likes to play and his love for cinema.

We use cookies to give you the best possible experience. Learn more