| Sunday, 29th June 2025, 1:25 pm

എന്റെ പിന്നാലെ നടന്ന് ഡാഡി പോയെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ മറുപടി അതായിരുന്നു: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ ഷൈന്‍ ടോം ഇന്ന് മലയാളസിനിമയുടെ അവിഭാജ്യ ഘടകമാണ്. ലഹരിക്കേസില്‍ പെടുകയും അതിന്റെ ഭാഗമായി റീഹാബിറ്റേഷന് പോകുന്ന വഴി താരവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും ഷൈന്‍ ടോമിന്റെ പിതാവ് സംഭവസ്ഥലത്ത് വെച്ച് മരണപ്പെടുകയും ചെയ്തിരുന്നു.

അച്ഛന്റെ മരണശേഷം മമ്മൂട്ടി തന്നെ കോണ്ടാക്ട് ചെയ്തിരുന്നെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. തന്റെ പിന്നാലെ നടന്നാണ് പിതാവ് പോയതെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി തന്നെ ആശ്വസപ്പിച്ചെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. മമ്മൂട്ടിയും ആ സമയത്ത് കുറച്ച് ബുദ്ധിമുട്ടിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നെന്നും അതിനിടയിലാണ് തന്നെ കോണ്ടാക്ട് ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ പ്രശ്‌നക്കാരനായിട്ടുള്ള കുട്ടിയല്ലെന്നും കുറച്ച് കുറുമ്പ് മാത്രമേ ഉള്ളൂവെന്നുമാണ് മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് ഷൈന്‍ പറയുന്നു. തന്റെ ജീവിതത്തില്‍ ഓരോ ഘട്ടത്തിലും മമ്മൂട്ടി ഇതുപോലെ തന്നെ കോണ്ടാക്ട് ചെയ്യുമെന്നും അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും താരം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.

‘ഡാഡി പോയ സമയത്ത് മമ്മൂക്ക എന്നെ വിളിച്ചിരുന്നു. എന്നെ ആശ്വസിപ്പിക്കാനാണ് അദ്ദേഹം വിളിച്ചത്. ‘മമ്മൂക്ക, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി’ എന്ന് പറഞ്ഞു. ‘സാരമില്ലെടാ’ എന്ന് പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചു. മമ്മൂക്കയും ആ സമയത്ത് കുറച്ച് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് എന്നെ വിളിച്ചത്.

‘എടാ, നീ പ്രശ്‌നക്കാരനായിട്ടുള്ള കുട്ടിയൊന്നുമല്ല, കുറച്ച് കുറുമ്പുകളുണ്ടെന്നേയുള്ളൂ. നിനക്ക് വേറെ കുഴപ്പമൊന്നുമില്ല’ എന്ന് അദ്ദേഹം പറഞ്ഞു. പിഷാരടിയും ചാക്കോച്ചനും വന്നപ്പോള്‍ അവരായിരുന്നു എനിക്ക് മമ്മൂക്കയെ കോണ്ടാക്ട് ചെയ്ത് തന്നത്. പിന്നീട് ഞാന്‍ എന്റെ ഫോണ്‍ നോക്കിയപ്പോള്‍ അതില്‍ മമ്മൂക്ക വിളിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും അങ്ങനെയാണ്.

കൊക്കെയ്ന്‍ കേസില്‍ ഞാന്‍ നിരപരാധിയാണെന്ന് വിധി വന്നപ്പോള്‍ മമ്മൂക്ക എനിക്ക് ഒരു ഇമോജി അയച്ചിരുന്നു. എനിക്ക് അങ്ങനെ അയച്ചിട്ട് അദ്ദേഹത്തിന് ഒരു ഹൈയും കിട്ടാനില്ല. നമ്മുടെ കൂടെ എപ്പോഴു ഉണ്ടാകുമെന്നുള്ള കരുതലാണ് അതൊക്കെ. ഒരുപാട് സിനിമകള്‍ ഇനിയും ഒരുമിച്ച് അദ്ദേഹത്തിന്റെ കൂടെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.

Content Highlight: Shine Tom Chacko shares Mammootty’s words after his father’s demise

We use cookies to give you the best possible experience. Learn more