അഭിനയിക്കുമ്പോഴാണ് തനിക്ക് ഏറ്റവും സന്തോഷവും ഫ്രീഡവും അനുഭവപ്പെടുന്നതെന്ന് ഷൈൻ ടോം ചാക്കോ. തന്റെ ചിത്രങ്ങളെപറ്റിയുള്ള വിശേഷങ്ങൾ ഡൂൾ ന്യൂസുമായിട്ട് പങ്കുവെക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അഭിനയിക്കുമ്പോഴാണ് എനിക്ക് ഏറ്റവും ഫ്രീഡവും സന്തോഷവും അനുഭവപ്പെടുന്നത്. അഭിനയിക്കുന്ന കഥാപാത്രങ്ങൾ എത്രത്തോളം ആളുകളിലേക്ക് എത്തി എന്നുള്ളതനുസരിച്ച് സന്തോഷം കൂടിയും കുറഞ്ഞുമിരിക്കും,’ ഷൈൻ പറഞ്ഞു.
അഭിനയമാണോ സംവിധാനമാണോ കൂടുതൽ താല്പര്യം എന്നുള്ള ചോദ്യത്തിന് താൻ ആ ഫീൽഡിലേക്കില്ലെന്നും ഒരിക്കലും അത് തന്നെ ആകർഷിച്ചിട്ടുമില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്.
‘ഒരിക്കലും ഞാൻ സംവിധാനത്തിലേക്കില്ല, എനിക്കതിനുള്ള ബുദ്ധിയൊന്നുമില്ല. ഒരിക്കലും അതെന്നെ ആകർഷിച്ചിട്ടില്ല.
ഞാൻ ചെറുപ്പം മുതൽ സിനിമ കാണുമ്പോൾ ഡയറക്ടറേയും, തിരക്കഥാകൃത്തിനെയും എഡിറ്ററേയും ശ്രദ്ധിച്ചിട്ടില്ല. ഞാൻ നടൻമാരെ മാത്രമേ കണ്ടിട്ടുള്ളു.
ആദ്യകാലങ്ങളിൽ സിനിമയിൽ വന്നപ്പോൾ കഥാപാത്രങ്ങൾക്കായി കാത്തിരുന്നു. ഇനിയും കഥാപാത്രങ്ങൾക്കായി കാത്തിരിക്കും. എനിക്കാകെക്കൂടി അറിയാവുന്ന പണി അതുമാത്രമാണ്.
ഞാൻ എൺപതുകളിൽ ജനിച്ചുവളർന്നയാളാണ്. ആ കാലത്ത് ജനിച്ചുവളർന്നിട്ട് സിനിമയിൽ ആകർഷിക്കപ്പെട്ടതിൽ ഒരു അതിശയവും ഇല്ല.
കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം തല്ലുമാലയാണെന്നും അതിനുകാരണം ആ ചിത്രം മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാണ് നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘തല്ലുമാലയാണ് കഴിഞ്ഞവർഷം ഇറങ്ങിയതിൽ ഏറ്റവും ഇഷ്ട്ടമുള്ള ചിത്രം. കാരണം മറ്റുചിത്രങ്ങളൊക്കെ മുൻപ് കണ്ടിട്ടുള്ള ചിത്രങ്ങളുമായിട്ട് രൂപ സാദൃശ്യം തോന്നിയേക്കാം, പക്ഷെ തല്ലുമാല പോലെയൊരു ചിത്രം ഷൂട്ടുചെയ്യാമെന്ന് ഞാനൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല.
ഇത്തരത്തിൽ ഒരു ചിത്രം നിർമിക്കാമെന്ന് ഖാലിദ് റഹ്‌മാനും ജിംഷി ഖാലിദിനും മാത്രമേ കഴിയൂ. ലാസ്റ്റ് മിനിറ്റിലാണ് ഞാൻ ആ ചിത്രത്തിലേക്ക് വരുന്നത്. ചിത്രം പാക്കപ്പ് ആകാറായപ്പോൾ ഒരു സീൻ എങ്കിലും അഭിനയിക്കാൻ തരുമോയെന്ന് ഞാൻ ചോദിച്ചു. കാരണം ചിത്രം മുഴുവൻ ഫൈറ്റാണ്. പക്ഷെ ചിത്രം വന്നപ്പോൾ എല്ലാവർക്കും നല്ല കഥാപാത്രം ഉണ്ട്.
ഖാലിദ് റഹ്‌മാൻ ആദ്യമായി ശ്രദ്ധിക്കുന്നത് അനുരാഗ കരിക്കിൻവെള്ളത്തിലാണ്. പിന്നീടാണ് മനസിലായത്. കൊറോണ വന്നപ്പോൾ ലോക്ക്ഡൗണിൽ ഒരു സിനിമയുണ്ടെന്നുപറഞ്ഞ് ഖാലിദ് റഹ്‌മാൻ വിളിക്കുന്നത്. അങ്ങനെയാണ് ലവ് ഷൂട്ട് ചെയ്യുന്നത്,’ ഷൈൻ പറഞ്ഞു.
Content Highlights: Shine Tom Chacko on film career