| Friday, 4th July 2025, 9:15 am

എന്റെ സംസാരം ക്ലിയറാകുന്നില്ലെന്ന് ആദ്യം പരാതി കേട്ടത് ആ സിനിമ മുതല്‍, അപ്പോഴൊന്നും ഞാനത് കാര്യമാക്കിയില്ല: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്‍ഡസ്ട്രിയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ രാസലഹരിക്കേസില്‍ പൊലീസ് പിടിയിലാവുകയും പിന്നീട് റീഹാബിറ്റേഷന് വിധേയനാവുകയും ചെയ്ത നടനാണ് ഷൈന്‍ ടോം ചാക്കോ. ചികിത്സക്കായി പോകുന്ന സമയം താരവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും അദ്ദേഹത്തിന്റെ അച്ഛന്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് പറയുകയാണ് ഷൈന്‍ ടോം.

താരത്തെക്കുറിച്ചുള്ള പ്രധാന പരാതികളിലൊന്നായിരുന്നു പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നില്ല എന്നത്. അത്തരം പരാതികളെക്കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. കുമാരി എന്ന സിനിമക്ക് ശേഷമാണ് താന്‍ പറയുന്ന കാര്യങ്ങള്‍ മനസിലാകുന്നില്ലെന്ന് ആളുകള്‍ പരാതി പറഞ്ഞു തുടങ്ങിയതെന്നും ആദ്യം അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ഇതുപോലെ തന്നെ വരുന്നതായി തനിക്ക് തോന്നിയെന്നും ഷൈന്‍ ടോം പറയുന്നു. പിന്നീട് താന്‍ പറയുന്നത് തനിക്കുപോലും മനസിലാകാതെ വന്നെന്നും ഇപ്പോള്‍ അതെല്ലാം മാറിയെന്നും താരം പറഞ്ഞു. പല സിനിമകളും റീ ഡബ്ബ് ചെയ്യേണ്ടി വന്നെന്നും അതെല്ലാം ഇനി റിലീസ് ചെയ്യാന്‍ പോവുകയാണെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.

കുമാരി എന്ന സിനിമ റിലീസ് ചെയ്ത ശേഷമാണ് എന്റെ സംസാരം മനസിലാകുന്നില്ലെന്ന് പലരും പരാതി പറഞ്ഞുതുടങ്ങിയത്. ‘ഞാന്‍ പറയുന്നതൊന്നും വ്യക്തമാകുന്നില്ല; എന്നായിരുന്നു പരാതി. പക്ഷേ, അതൊന്നും ഞാന്‍ കാര്യമാക്കിയില്ല. എനിക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഞാനാണ് ശരി എന്ന് ചിന്തിച്ചു. അങ്ങനെ തന്നെ തുടര്‍ന്നുകൊണ്ട് മുന്നോട്ടുപോയി.

എന്നാല്‍ പിന്നീട് ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ഇതുപോലെ തന്നെ വരുന്നതായി എനിക്ക് തന്നെ തോന്നി. അത് കഴിഞ്ഞപ്പോള്‍ ഞാന്‍ പറയുന്നത് എനിക്ക് തന്നെ മനസിലാകാതെ വന്നു. ഡാഡിയുണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂടെ പോയി എന്റെ സിനിമകളൊക്കെ വീണ്ടും റീഡബ്ബ് ചെയ്തു. അതൊക്കെ ഇനി അധികം വൈകാതെ റിലീസാകും,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.

കമലിന്റെ സംവിധാനസഹായിയായാണ് ഷൈന്‍ ടോം ചാക്കോ സിനിമാലോകത്തേക്ക് കടന്നുവന്നത്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ ഷൈന്‍ ടോം കമല്‍ സംവിധാനം ചെയ്ത ഗദ്ദാമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 100ലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ ഷൈന്‍ ടോമിന് സാധിച്ചു.

Content Highlight: Shine Tom Chacko explains how he reacts to the criticism about his dialogue delivery

We use cookies to give you the best possible experience. Learn more