സഞ്ജുവിനെ ചതിച്ച ഹെറ്റി മേജര്‍ ലീഗില്‍ ആറാടുന്നു; ഇവന്റെ വിന്നിങ് മാജിക്കില്‍ ഓര്‍ക്കാസിന് വമ്പന്‍ കുതിപ്പ്!
Sports News
സഞ്ജുവിനെ ചതിച്ച ഹെറ്റി മേജര്‍ ലീഗില്‍ ആറാടുന്നു; ഇവന്റെ വിന്നിങ് മാജിക്കില്‍ ഓര്‍ക്കാസിന് വമ്പന്‍ കുതിപ്പ്!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd July 2025, 11:08 am

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് നടന്ന മത്സരത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ യുണികോണിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് സീറ്റില്‍ ഓര്‍കാസ്. സെന്‍ട്രല്‍ ബ്രോവേര്‍ഡ് റീജിയണല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഓര്‍കാസ് വിജയം നേടിയത്. ഇതോടെ തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും ടീമിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുണിക്കോണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓര്‍ക്കാസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ഓര്‍ക്കാസിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് വിന്‍ഡീസ് കരുത്തന്‍ ഷിമ്‌റോണ്‍ ഹെറ്റമെയറാണ്. അഞ്ചാമനായി ഇറങ്ങി 37 പന്തില്‍ നിന്ന് ഏഴ് സിക്‌സറും നാല് ഫോറും ഉള്‍പ്പടെ 78 റണ്‍സ് നേടി പുറത്താകാതെയാണ് താരം മിന്നും പ്രകടനം നടത്തിയത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും താരത്തിന് സാധിച്ചു.

പ്രത്യേകതയെന്തെന്നാല്‍ ടീം വിജയിച്ച മൂന്ന് മത്സരങ്ങളിലും പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് നടത്തി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാന്‍ ഹെറ്റിക്ക് സാധിച്ചിരുന്നു.

എം.ഐ ന്യൂയോര്‍ക്കിനെതിരെ 40 പന്തുകളില്‍ നിന്ന് 97* റണ്‍സും, എല്‍.എ നൈറ്റ് റൈഡേഴ്‌സിനെതിരെ 26 പന്തില്‍ 64* റണ്‍സുമാണ് ഹെറ്റിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും പ്രകടനം. ആകെ വിജയിച്ച മൂന്ന് മത്സരങ്ങളിലും ഹെറ്റിയുടെ മികവിലാണ് ടീം വിജയത്തിലെത്തിയത്.

ഐ.പി.എല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലും ഹെറ്റി ഭാഗമായിരുന്നു. എന്നാല്‍ മെഗാ ലേലത്തില്‍ 11 കോടിക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമായിട്ടും ടീമിന് വേണ്ടി കഴിഞ്ഞ സീസണില്‍ മികവ് പുലര്‍ത്താന്‍ ഹെറ്റിക്ക് സാധിച്ചില്ല.

കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ പരിക്കും മോശം ടീം സെലക്ഷനും രാജസ്ഥാന് വലിയ തിരച്ചടിയായിരുന്നു. 2025ല്‍ 14 മത്സരങ്ങളില്‍ നിന്ന് 239 റണ്‍സും ഒരു അര്‍ധ സെഞ്ച്വറിയും മാത്രമാണ് ഹെറ്റി നേടിയത്. മേജര്‍ ലീഗില്‍ മികവ് തുടരുന്ന ഹെറ്റി മികച്ച അടുത്ത സീസണില്‍ രാജസ്ഥാന് വേണ്ടി തിളങ്ങുമെന്നാണ് പ്രതീക്ഷ.

Content Highlight: Shimron Hetmyer Is Great Performance In Major League Cricket