ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി എന്ന 14കാരന്‍ തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടി താരം തന്റെ കരുത്ത് തെളിയിച്ചിരുന്നു. ഇതോടെ പല സീനിയര്‍ താരങ്ങളും വൈഭവിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. മാത്രമല്ല പലരും താരത്തെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ടെസ്റ്റില്‍ കളിപ്പിക്കണമെന്നും പറഞ്ഞു.
മാത്രമല്ല നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ അംഗമായ വൈഭവ്. ഇപ്പോള്‍ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. 14ാം വയസില്‍ ഐ.പി.എല്‍ കളിക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്നും അഞ്ച് വയസ് മുതല്‍ തന്നെ ഒരു മികച്ച ടീമിലെത്തുക എന്ന സ്വപ്നം കാണാന്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് അവസരമുണ്ടെന്നും ധവാന്‍ പറഞ്ഞു. മാത്രമല്ല വൈഭവ് നേരിടാനിരിക്കുന്ന വെല്ലുവിളിയെക്കുറിച്ചും ധവാന്‍ പറഞ്ഞു.
‘അവന് എത്ര വയസാണ്, 13 അതോ 14 വയസോ? 14ാം വയസില്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ കഴിയുന്നത് ശരിക്കും ശ്രദ്ധേയമാണ്. ഇത്രയും ചെറുപ്പത്തില്‍ മുന്‍നിര ബൗളര്‍മാരെ അവന്‍ നേരിട്ട രീതിയും ശ്രദ്ധേയമായിരുന്നു. വലിയ ഷോട്ടുകള്‍ അടിക്കുമ്പോള്‍ അവന്റെ ആത്മവിശ്വാസം അതിശയകരമായിരുന്നു.
ഐ.പി.എല്ലിന് എത്ര മികച്ചതാണെന്ന് തെളിയിക്കുന്നു. അഞ്ച് വയസ് മുതല്‍ തന്നെ ഒരു മികച്ച ടീമിലെത്തുക എന്ന സ്വപ്നം കാണാന്‍ ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. വൈഭവ് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. അവന്‍ അത് നേടിയെടുത്തു, അത് അവനും കുടുംബത്തിനും വലിയൊരു നേട്ടമാണ്. ക്രിക്കറ്റില്‍ നമുക്കെല്ലാവര്‍ക്കും ഇത് വളരെ അഭിമാനകരമായ നിമിഷമാണ്. ഇത്രയും വലിയ ഒരു ലീഗില്‍ 14 വയസുള്ള ഒരു കുട്ടി ആധിപത്യം സ്ഥാപിക്കുന്നത് കാണുന്നത് അവിശ്വസനീയമാണ്.
അവന്‍ നേരിടാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി അവന് ലഭിക്കുന്ന പണവും പ്രശസ്തിയും എങ്ങനെ വിനിയോഗിക്കുമെന്നതിലാണ്. രാഹുല്‍ ഭായിയുടേയും വിക്രം ഭായിയുടേയും (രാജസ്ഥാന്‍ റോയല്‍സ് പരിശീലകരായ രാഹുല്‍ ദ്രാവിഡും വിക്രം റാത്തോഡ്) കൈയിലായത് അവന് ലഭിച്ച അനുഗ്രഹമാണ്. അവര്‍ ഒരു ക്രിക്കറ്റ് പരിശീലകര്‍ മാത്രമല്ല നല്ല മനുഷ്യരെ വാര്‍ത്തെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്,’ ധവാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് വൈഭവ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് താരം അടിച്ചെടുത്തത്. 36.0 എന്ന ആവറേജും 206.56 എന്ന സ്ട്രൈക്ക് റേറ്റും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. സീസണില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരം നേടി.
Content Highlight: Shikhar Dhawan Warns 14 Years Old Vaibhav Suryavanshi