എയിംസിലെത്തുന്ന തരിഗാമി ദില്ലിയിലെത്തുന്ന കാശ്മീരാണ്
Kashmir Turmoil
എയിംസിലെത്തുന്ന തരിഗാമി ദില്ലിയിലെത്തുന്ന കാശ്മീരാണ്
ഡോ. ആസാദ്
Thursday, 5th September 2019, 5:00 pm

കാശ്മീരിലെ കരുതല്‍ തടങ്കലില്‍നിന്ന് ദില്ലി എയിംസ് ആശുപത്രിയിലേക്ക് യൂസഫ് തരിഗാമിയെ മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. തരിഗാമിയെ സന്ദര്‍ശിച്ചു തിരിച്ചെത്തി സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിവിധി. താരിഗാമിയെ കുടുംബാംഗങ്ങള്‍ക്കും ദില്ലിയിലേക്ക് അനുധാവനം ചെയ്യാം.

കാശ്മീരിലെ കേന്ദ്ര ഇടപെടല്‍ ഫെഡറല്‍ ഘടനയെയും ജനാധിപത്യ ധാര്‍മ്മികതയെയും പ്രതിസന്ധിയിലാക്കി. യുദ്ധമുഖത്തെന്നപോലെ വരിഞ്ഞുമുറുക്കപ്പെട്ട ശാന്തതയാണ് കാശ്മീരില്‍. പാര്‍ലമെന്റംഗങ്ങള്‍ക്കും ജനനേതാക്കള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പട്ടാളഭരണംപോലെ ജനാധിപത്യ വ്യവഹാരങ്ങള്‍ക്കുമേല്‍ അച്ചടക്കത്തിന്റെ ആയുധവാഴ്ച്ച ഭീതിജനകം! ആ കാലുഷ്യങ്ങള്‍ക്കിടയിലേക്കു കടന്നു ചെല്ലാനും ഭരണകൂടം നിഷേധിച്ച മനുഷ്യാവകാശം ഭരണഘടനാ സ്ഥാപനങ്ങളിലൂടെ തിരിച്ചു പിടിക്കാനും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ നീക്കം ചരിത്രത്തില്‍ അടയാളപ്പെടും. പ്രതിപക്ഷത്തുനിന്നുണ്ടായ ഒറ്റപ്പെട്ട രാഷ്ട്രീയ മുന്നേറ്റമാണത്.

 

താരിഗാമി ദില്ലിയിലെത്തുമ്പോള്‍ എത്രയോ പേര്‍ അതേ നീതികാത്ത് അവിടെ കുടുങ്ങിക്കഴിയുന്നത് നാമറിയുന്നു. തടങ്കലില്‍ കഴിയുന്ന നേതാക്കളും യാത്രാനുവാദവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട പൊതുപ്രവര്‍ത്തകരുമുണ്ട്. മാതാപിതാക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും പിരിഞ്ഞു കഴിയുന്ന സാധാരണ മനുഷ്യരുണ്ട്. അവരുടെയെല്ലാം സഹനങ്ങള്‍ നാമറിയുന്നു. ആരോഗ്യപ്രശ്‌നം നേരിടുന്ന തരിഗാമിയെ തുണച്ച നമ്മുടെ പരമോന്നത നീതിപീഠം അവിടത്തെ അതേമട്ടുള്ള അനേകരെ കാണാതിരിക്കുമോ?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തക്കസമയത്ത് ഇടപെട്ട യെച്ചൂരിയുടെ പ്രവൃത്തി തീര്‍ച്ചയായും മനുഷ്യസ്‌നേഹപരമാണ്. ഫാഷിസ്റ്റു കാര്‍ക്കശ്യങ്ങള്‍ക്കെതിരെ മനുഷ്യരുടെ സ്‌നേഹത്തെയും സഹവര്‍ത്തിത്വത്തെയും നീതിബോധത്തെയും ഉയര്‍ത്തിപ്പിടിക്കലാണ്. ആ നിലപാടിന്റെ അംഗീകാരമാണ് കോടതിയുടെ വിധി. കാശ്മീരിലെ സമ്മര്‍ദ്ദങ്ങളെയും സഹനങ്ങളെയും ദില്ലിയിലേക്കു വലിച്ചിടുകയാണ് യെച്ചൂരി ചെയ്തത്. അതാണ് ഈ ഇടപെടലിന്റെ രാഷ്ട്രീയം.

എയിംസില്‍ പ്രവേശിക്കപ്പെടുന്ന യൂസഫ് തരിഗാമി ദില്ലിയില്‍ പ്രവേശനം നേടുന്ന കാശ്മീര്‍ രാഷ്ട്രീയമാണ്. എത്ര കാവല്‍ശേഷി തടഞ്ഞാലും ദില്ലിയിലതു സൃഷ്ടിക്കുന്ന അലകളടങ്ങില്ല. കേന്ദ്രം കണ്‍മുന്നില്‍ നേരിടേണ്ട കാശ്മീരായി ആ സാന്നിദ്ധ്യത്തെ യെച്ചൂരി ഉറപ്പിക്കുകയാവണം. ഒരാരോഗ്യപ്രശ്‌നത്തെ രാജ്യത്തിന്റെ രാഷ്ട്രീയ പ്രശ്‌നമായി പരിവര്‍ത്തിപ്പിക്കുകയാവണം. സി.പി.എം ദില്ലിയില്‍ നടത്തിയ കരുനീക്കം ജനാധിപത്യവാദികള്‍ക്ക് ആവേശം പകരുന്നു.

ലാല്‍സലാം സീതാറാം.